ചന്ദനപ്പള്ളി തിരുനാൾ: ഫ്രാൻസിസ് മാർപാപ്പ അനുസ്മരണ റാലി ഇന്ന്
1548562
Wednesday, May 7, 2025 2:57 AM IST
ചന്ദനപ്പള്ളി: സെന്റ് ജോർജ് തീർഥാടന കത്തോലിക്കാ ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് അനുസ്മരണ റാലി ചന്ദനപ്പള്ളിയിൽ നടക്കും.
റാലിയിൽ മന്ത്രിമാർ, എംഎൽഎമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സാമൂഹ്യ- സാംസ്കാരിക, മത നേതാക്കൾ എന്നിവർ പങ്കെടുക്കും. റാലി ദേവാലത്തിൽനിന്നും ആരംഭിച്ച് സെന്റ് ജോർജ് ഷ്റൈൻ വരെയെത്തി തുടർന്ന് ചന്ദനപ്പള്ളി ജംഗ്ഷൻ വഴി തിരികെ ദേവാലയത്തിൽ സമാപിക്കും.
അനുസ്മരണ റാലി കളക്ടർ എസ്. പ്രേം കൃഷ്ണനും സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ഉദ്ഘാടനം ചെയ്യും . മന്ത്രി വീണാ ജോർജ്, ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, അടൂർ ഡിവൈഎസ്പി ആർ. ജയരാജ് എന്നിവർ അനുസ്മരണ പ്രസംഗം നടത്തും. തുടർന്ന് ആചാരപരമായി പുരുഷന്മാരും സ്ത്രീകളും നേതൃത്വം നല്കുന്ന ചെമ്പെടുപ്പും വൈകുന്നേരം നേർച്ചവിതരണവും നടക്കും.
മാർപാപ്പയുടെ ദേഹവിയോഗത്തേത്തുടർന്ന് ഈ വർഷം തിരുനാളിന് ആഘോഷങ്ങൾ പരിമിതപ്പെടുത്തി ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, വിശ്വാസ കാര്യങ്ങൾ എന്നിവ മാത്രമാണ് നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ പാറശാല, പിരപ്പൻ കോട്, വെള്ളറട, തിരുവനന്തപുരം പ്രദേശത്തു നിന്നെത്തിയ തീർഥാടകരെ വികാരി ഫാ. ബെന്നി നാരകത്തിനാലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
തടർന്ന് പ്രവാസികൾക്കായി പ്രത്യേക പ്രാർഥന നടന്നു. കുർബാനയ്ക്ക് ഡോ. ജോർജ് അയ്യനേത്ത് ഒഐസി, ഫാ. സാമുവേൽ മാത്യു , ഫാ. ജിത്ത് ജോൺ എന്നിവർ കാർമികത്വം വഹിച്ചു. കുട നേർച്ച സമർപ്പണവും കുട പ്രദക്ഷണവും നടന്നു. വൈകുന്നേരം നടന്ന റാസയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. റാസ ദേവാലയത്തിൽനിന്നും ആരംഭിച്ച് ഗവ. ആശുപത്രി റോഡ് , വളത്തുകാട്, ഇടത്തിട്ട സെന്റ് ജൂഡ് കുരിശടി, ഇടത്തിട്ട ജംഗ്ഷൻവഴി തിരികെ ദേവാലയത്തിൽ സമാപിച്ചു. മാവേലിക്കര രൂപതാധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുനാൾ സന്ദേശം നൽകി.
പ്രധാന തിരുനാൾദിവസമായ ഇന്ന് രാവിലെ 7.30 ന് വള്ളിക്കോട്, വെള്ളപ്പാറ, കുടമുക്ക്, ഇടത്തിട്ട, തട്ട, കൈപ്പട്ടൂർ ഗ്രാമ പ്രതിനിധികളുടെ ചെമ്പിൽ അരി സമർപ്പണം, 8.30 ന് ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ കുർബാന, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം.
ഭവന, വിദ്യാഭ്യാസ, ചികിത്സ, വിവാഹ പദ്ധതികളുടെ വിതരണം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നിർവഹിക്കും. ജോസ് ചന്ദനപ്പള്ളിയുടെ ‘മഹാരക്തസാക്ഷി വിശുദ്ധ ഗീവർഗീസും ചന്ദനപ്പള്ളിയും’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയും കേന്ദ്ര മന്ത്രി ജോർജ് കുര്യനും ചേർന്നു നിർവഹിക്കും. 12.30 ന് വെച്ചൂട്ട്.
മേയ് 11ന് കൊടിയിറക്കോടെ തിരുനാൾ സമാപിക്കും. രാവിലെ 8.30 ന് കസാക്കിസ്ഥാനിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് മാർ ജോർജ് പനംതുണ്ടിൽ കുർബാനയ്ക്കു മുഖ്യ കാർമികത്വം വഹിക്കും.
ഇടവക വികാരി ഫാ. ബെന്നി നാരകത്തിനാൽ, സഹവികാരി ഫാ. സനു സാം തെക്കേകാവിനാൽ, ട്രസ്റ്റി വിൽസൺ പാലവിള, സെക്രട്ടറി ഫിലിപ്പ് കിടങ്ങിൽ, പ്രോഗ്രാം കൺവീനർ ബാബു കെ. പെരുമല, ഫെബിൻ സാം എന്നിവർ നേതൃത്വം നൽകുന്നു.