രക്ഷാകർതൃ ശക്തീകരണ ജില്ലയ്ക്കായി കരുതലാകാം കരുത്തോടെ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്
1548293
Tuesday, May 6, 2025 5:26 AM IST
പത്തനംതിട്ട: സമ്പൂർണ രക്ഷാകർതൃ ശക്തീകരണ ജില്ലയായി മാറാൻ കരുതലാകാം കരുത്തോടെ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്.
ലഹരിവസ്തുക്കളുടെ ഉപയോഗം, അക്രമവാസന, എന്നിവയെ നേരിടാനും മാനസിക ആരോഗ്യത്തോടെ കൗമാരക്കാരെ വളർത്തിയെടുക്കാനും ലക്ഷ്യമിട്ട് രക്ഷാകർതൃ ശക്തീകരണത്തിൽ അധിഷ്ഠിതമായ സമഗ്രകർമപരിപാടിയാണ് ജില്ലാ പഞ്ചായത്ത് തയാറാക്കിയിട്ടുള്ളത്. ഉത്തരവാദിത്വബോധമുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്തുകയും പുതിയ കാലത്തിന്റെ മാറ്റങ്ങൾ അഭിമുഖീകരിക്കാൻ അധ്യാപകരെയും രക്ഷിതാക്കളെയും ശക്തരാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യംവയ്ക്കുന്നത്.
ലഹരിയുടെ ദുരുപയോഗത്തിലേക്കും ലൈംഗിക ചൂഷണത്തിലേക്കും സാമൂഹിക വിരുദ്ധതയിലേക്കും കുട്ടികൾ എത്തുന്നത് ശാസ്ത്രീയവും ശക്തവുമായ രക്ഷാകർതൃത്വം ലഭ്യമാകാത്തതുകൊണ്ടാണെന്ന് നിരവധി പഠനങ്ങൾ തെളിയിക്കുന്ന സാഹചര്യത്തിലാണ് ജില്ലാപഞ്ചായത്ത് രക്ഷാകർതൃ ശാക്തീകരണത്തിനായി പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹൈസ്കൂളുകളിലെ പ്രഥമാധ്യാപകരുടെയും രക്ഷാകർതൃപ്രതിനിധികളുടെയും പരിശീലനം നടന്നു. ജില്ലയിലെ ഹൈസ്കൂൾ രക്ഷിതാക്കളെ ഉൾപ്പെടുത്തി ജൂൺ, ജൂലൈ മാസങ്ങളിലായി വിപുലമായ അവബോധ പ്രവർത്തനങ്ങളും രക്ഷാകർതൃ പരിശീലനവും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി 8, 9, 10 ക്ലാസുകളിലെ പിടിഎകൾക്കും ബോധവത്കരണ ക്ലാസുകൾ നൽകും. എല്ലാ രക്ഷാകർത്താക്കളെയും നിർബന്ധമായി പരിശീലനത്തിൽ പങ്കാളികളാക്കും.
പ്രാരംഭ നടപടിയായി ജില്ലയിലെ ഹൈസ്കൂൾ പ്രഥമാധ്യാപകരുടെയും പിടിഎ പ്രതിനിധികളുടെയും യോഗം നടന്നു. ഓരോ സ്കൂളിലെയും തെരഞ്ഞെടുത്ത ഒരു അധ്യാപകന് നൽകുന്ന രക്ഷാകർതൃ ബോധവത്കരണ പരിശീലന ശില്പശാല 12 ന് കോഴഞ്ചേരിയിൽ നടക്കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടത്തും.
ജൂൺ, ജൂലൈ മാസത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾക്കു ശേഷം സവിശേഷ പിന്തുണ നൽകേണ്ട കുട്ടികളെ കണ്ടത്തും. എൽപി, യൂപി ക്ലാസുകളിലെ രക്ഷിതാക്കളെ കൂടി പദ്ധതിയുടെ ഭാഗമാക്കും. ഒക്ടോബർ രണ്ടിനു ഗാന്ധിജയന്തിദിനം വരെ നീണ്ടുനിൽക്കുന്ന പ്രവർത്തന പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ചിരിക്കുന്നത്.
പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ കരുതലാകാം കരുത്തോടെ സമഗ്ര രക്ഷാകർതൃ ശക്തീകരണ പദ്ധതിയുടെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം പത്തനംതിട്ട പ്രസ്ക്ലബ് പ്രസിഡന്റ് ബിജു കുര്യന് നൽകി പ്രകാശനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയ കുമാർ അധ്യക്ഷത വഹിച്ചു. വിദ്യാ കിരൺ ജില്ലാ കോ- ഓർഡിനേറ്റർ എ.കെ. പ്രകാശും പങ്കെടുത്തു. ഹയർസെക്കൻഡറി രണ്ടാംവർഷ വിദ്യാർഥിനിയായ മാവേലിക്കര സ്വദേശിനി അനന്യ ബി. നായരാണ് ലോഗോ രൂപകല്പന ചെയ്തത്.