യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം
1548566
Wednesday, May 7, 2025 2:57 AM IST
കോന്നി: കോന്നി ഇക്കോ ടൂറിസം സെന്ററിലെ അനാസ്ഥ കാരണം കോൺക്രീറ്റ് തൂണ് ദേഹത്തു വീണ് നാലുവയസുകാരൻ മരണപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇക്കോ ടൂറിസം സെന്ററിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത നേതാക്കന്മാർക്കെതിരേ ജാമ്യമില്ലാത്ത വകുപ്പിട്ട് കേസ് എടുത്തിരുന്നു.
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് റ്റി.ജി. നിഥിൻ, മുൻ കെഎസ്യു ജില്ലാ സെക്രട്ടറി പ്രമാടം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോബിൻ മോൻസി, യൂത്ത് കോൺഗ്രസ് കോന്നി മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ തരകൻ എന്നിവർക്കെതിരേയായിരുന്നു ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് എടുത്തത്. പത്തനംതിട്ട മുൻസിഫ് സെക്കൻഡ് ക്ലാസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം എടുക്കുകയായിരുന്നു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, കോന്നി മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ എന്നിവർ ജാമ്യം എടുക്കുന്ന നടപടികൾക്ക് നേതൃത്വം നൽകി. കെ.ജി. പ്രദീപ് പ്രതികൾക്കു വേണ്ടി കോടതിയിൽ ഹാജരായി.