പ്രതിരോധ വാക്സിന്റെ ഗുണനിലവാരം പരിശോധിക്കണം: കോൺഗ്രസ്
1548289
Tuesday, May 6, 2025 5:25 AM IST
പത്തനംതിട്ട: കേരളത്തിൽ നായ കടിച്ചുള്ള മരണങ്ങൾ തുടർക്കഥയാകുകയാണെന്നും അരക്ഷിത കേരളത്തിലാണ് ജനങ്ങൾ ജീവിക്കുന്നതെന്നും കോൺഗ്രസ് പത്തനംതിട്ട ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം. നാരങ്ങാനത്ത് പേവിഷ ബാധയേറ്റു മരിച്ച ഭാഗ്യലക്ഷ്മിയുടെ വീട് കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികൾ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.
ഭാഗ്യലക്ഷ്മിയെ കടിച്ചത് വളർത്തു നായയാണ്. നായയുടെ കടിയേറ്റ കുട്ടിക്ക് വാക്സിൻ നൽകിയിട്ടും മരണം സംഭവിച്ചത് പ്രദേശത്ത് ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. കടിച്ച നായയ്ക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നില്ലെന്നു വ്യക്തമാകുകയും മൂന്നാംനാൾ ചാകുകയും ചെയ്തപ്പോഴും കടിയേറ്റ ഭാഗ്യലക്ഷ്മിയുടെ ആരോഗ്യനില പരിശോധിക്കാനോ വാക്സിനുകൾ പ്രോട്ടോക്കോൾ പാലിച്ച് ലഭ്യമായെന്ന് ഉറപ്പാക്കാനോ ആരോഗ്യവകുപ്പോ പഞ്ചായത്തോ ശ്രമിച്ചില്ല. പകരം സംഭവം മൂടിവയ്ക്കാനുള്ള ശ്രമമാണുണ്ടായത്.
ആരോഗ്യ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിൽ പോലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ ഞെട്ടിക്കുന്നതാണെന്നും ജെറി മാത്യു സാം പറഞ്ഞു.സർക്കാർ ആശുപത്രി മുഖേന നൽകുന്ന പ്രതിരോധ വാക്സിന്റെ ഗുണനിലവാരം ഉന്നത ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറിക്ക് കോൺഗ്രസ് പരാതി നൽകി.