ഉറക്കം കെടുത്തി കാട്ടുപന്നിയും തെരുവുനായ്ക്കളും
1548290
Tuesday, May 6, 2025 5:25 AM IST
പത്തനംതിട്ട: സാധാരണ ജനജീവിതത്തിനു വെല്ലുവിളിയായി കാട്ടുപന്നിയും തെരുവുനായ്ക്കളും. നിയമസുരക്ഷയുള്ള രണ്ട് മൃഗങ്ങളും റോഡിലും വീട്ടുമുറ്റത്തും വരെ ആളുകൾക്ക് ഭീഷണിയായി മാറുകയാണ്. പ്രതിദിനം ഇവ മൂലമുള്ള ശല്യം വർധിക്കുകയാണെങ്കിലും നടപടിയെടുക്കാനാകാതെ അധികൃതരും കൈമലർത്തുന്നു.
കുളനട ഉള്ളന്നൂരിൽ കഴിഞ്ഞ ദിവസം കാട്ടുപന്നി കുത്തിമറിച്ച ഓട്ടോറിക്ഷയിലെ ഡ്രൈവർക്കും യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. ഓട്ടോറിക്ഷയുടെ അടിയിൽപെട്ട ഡ്രൈവർ ഉള്ളന്നൂർ പാണൻ മുകടിയിൽ രഘുനാഥൻ പിള്ള (56)യുടെ വാരിയെല്ലുകൾ പൊട്ടി. യാത്രക്കാരനായ ഉള്ളന്നൂർ ശങ്കരമംഗലം സുനിലിന്റെ (54) കൈയുടെ ചുമലിലെ എല്ലുകൾ തെന്നിമാറി.
ഓട്ടോറിക്ഷയ്ക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.30നാണ് സംഭവം. ഓട്ടം കഴിഞ്ഞുവീട്ടിൽ വിശ്രമിക്കുകയായിരുന്ന രഘുനാഥൻ പിള്ള, രോഗിയെ ആശുപത്രിയിലെത്തിക്കാനാണ് രാത്രിയിൽ അയൽവാസിക്കൊപ്പം പോയത്. മടങ്ങിയെത്തുംവഴി കുളനട - പൈവഴി റോഡിൽ തിരുവാഭരണ പാതയ്ക്ക് സമീപം എത്തിയപ്പോൾ റോഡിൽകൂടി കാട്ടുപന്നികൾ പോകുന്നതുകണ്ട് ഓട്ടോറിക്ഷ നിർത്തി. പന്നികൾ പോയശേഷം ഓട്ടോറിക്ഷ മുന്നോട്ട് എടുത്തപ്പോഴാണ് ഇവ തിരികെയെത്തി ഓട്ടോറിക്ഷ കുത്തിമറിച്ചത്.
കഴിഞ്ഞ ദിവസം രാത്രി കുളനട ടൗൺ വാർഡിൽ ഗ്രാമപഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിന് സമീപം യാത്രക്കാരായ യുവാക്കളെ കാട്ടുപന്നികൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ബിജു, സുജിത്ത് എന്നിവർക്കുനേരെയാണ് കാട്ടുപന്നികൾ പാഞ്ഞടുത്തത്. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് ഇവർ രക്ഷപ്പെട്ടത്.
ഷൂട്ടർമാരെത്തുന്പോൾ പന്നികളെ കാണില്ല
ഉള്ളന്നൂർ, മാന്തുക, പനങ്ങാട്, കൈപ്പുഴ, ഉളനാട് എന്നീ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കപ്പ, ചേന, ചേമ്പ്, മധുരക്കിഴങ്ങ് വാഴ, വെറ്റിലക്കൊടി തുടങ്ങിയ കാർഷിക വിളകളും ഇവ നശിപ്പിക്കുന്നുണ്ട്. നാല് ഷൂട്ടർമാരെ കുളനട ഗ്രാമപഞ്ചായത്ത് നിയോഗിച്ചിട്ടുണ്ടെങ്കിലും കാട്ടുപന്നിയെ കണ്ടെത്തി വെടിവയ്ക്കാനാകുന്നില്ല. കൃഷിയിടത്തിൽ കാട്ടുപന്നി ഇറങ്ങുന്പോൾ വിവരം അറിയിക്കാറുണ്ടെങ്കിലും ഷൂട്ടർമാർ എത്തുന്പോഴേക്കും പന്നി അപ്രത്യക്ഷമാകുകയാണ് പതിവ്. പന്നിയുടെശല്യം കാരണം പുറത്തേക്ക് ഇറങ്ങാൻ പോലുമാകാത്ത സ്ഥിതിയിലാണ് നാട്ടുകാർ.
പത്തനംതിട്ട നഗരപരിധിയിൽ കാട്ടുപന്നിയെ വെടിവച്ചു
ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നിയെ പത്തനംതിട്ട നഗരസഭ പതിനാറാം വാർഡിൽ വെടിവച്ചുകൊന്നു. അംഗീകൃത ഷൂട്ടർ സന്തോഷ് സി. മാമ്മൻ, വാർഡ് കൗൺസിലറും നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമതി അധ്യക്ഷൻ ജെറി അലക്സ്, ഹരിതശ്രീ ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ്് എം. കെ. ചന്ദ്രനാഥൻ നായർ, മനു മാത്യു എന്നിവർ നേതൃത്വം നൽകി. പ്രദേശത്തു നേരത്തെ കാട്ടുപന്നി ആക്രമണം നിരവധി ആളുകൾക്ക് നേരിട്ടുണ്ട്. ഒരു മരണവും സംഭവിച്ചിട്ടുണ്ട്.. കൃഷി പൂർണമായും കർഷകർ ഉപേക്ഷിച്ചിരിക്കുകയാണ്.
സ്കൂൾ തുറക്കുന്പോഴേക്കും നായശല്യം ഒഴിവാക്കണം
മധ്യവേനൽ അവധി കഴിഞ്ഞ സ്കൂളുകൾ തുറക്കുന്നതിനു മുന്പായി തെരുവുനായയുടെ വർധിച്ചുവരുന്ന ശല്യത്തിനു പരിഹാരം കാണണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്തെത്തി. ജില്ലയിലെ ബസ് സ്റ്റേഷനുകൾ, തെരുവോരങ്ങൾ എന്നിവിടങ്ങളിൽ നായയുടെ ശല്യം വർധിച്ചുവരികയാണ്.
ഇതോടൊപ്പം വളർത്തു നായ്ക്കളുൾപ്പെടെയുള്ളവ ഗ്രാമീണ മേഖലയിലും അലഞ്ഞു തിരിയുന്നുണ്ട്. നായ്ക്കൾക്കുള്ള പ്രതിരോധ കുത്തിവയ്പും എബിസിയും മുടങ്ങിയതടെ ഇവയിൽ പേവിഷ ബാധയും വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ.
ഗ്രാമപഞ്ചായത്ത് തലത്തിൽ വളർത്തു നായ്ക്കൾക്കുള്ള പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇതോടൊപ്പം തെരുവുനായ്ക്കൾക്കും കുത്തിവയ്പ് നൽകാനോ എബിസി പുനരാരംഭിക്കാനോ നടപടി ഉണ്ടാകണമെന്നാണാവശ്യം. സ്കൂൾ പിടിഎകളും പ്രാദേശിക കൂട്ടായ്മകളും ഇതു സംബന്ധിച്ച ആവശ്യവുമായി രംഗത്തുണ്ട്.