സിപിഎം ക്രിമിനൽ സംഘങ്ങൾ ജില്ലയിൽ അഴിഞ്ഞാടുന്നു: ഡിസിസി പ്രസിഡന്റ്
1548569
Wednesday, May 7, 2025 3:07 AM IST
പത്തനംതിട്ട: സിപിഎം, ഡിവൈഎഫ്ഐ ക്രിമിനല്‍ സംഘങ്ങള്‍ ജില്ലയില്‍ അഴിഞ്ഞാടി ക്രമസമാധാനം തകര്‍ക്കുകയാണെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കാതെ പോലീസ് നിഷ്ക്രിയരായിരിക്കുകയാണെന്നും ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ.
ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ലഹരി മാഫിയ സംഘം കഴിഞ്ഞ ദിവസം മൈലപ്ര, മേക്കൊഴൂര്‍ ഋഷികേശ ക്ഷേത്രത്തില്‍ കയറി അക്രമം നടത്തി കഴകക്കാരന് ഉള്‍പ്പെടെയുള്ള ജീവനക്കാരെ മര്‍ദിക്കുകയും ക്ഷേത്രത്തിലെ പൂജാ സാമഗ്രികൾ, നാമജപ മന്ത്ര ബോര്‍ഡുകൾ, ദേവീദേവന്മാരുടെ ചിത്രങ്ങള്‍, വിളക്കുകൾ, ആലവട്ട കുടകള്‍ എന്നിവ അടിച്ചു തകര്‍ക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിട്ടും
ഏഴു പ്രതികളെ നിസാര വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ട നടപടി ജില്ലയില്‍ ഭരണത്തിന്റെ തണലില്‍ അഴിഞ്ഞാടുന്ന സിപിഎം, ഡിവൈഎഫ്ഐ ക്രിമിനലുകളെ സംരക്ഷിക്കുന്ന പോലീസ് നടപടിയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
ജില്ലയിലെ ക്ഷേത്ര ഉത്സവങ്ങളിലും മറ്റ് ആരാധനാലയങ്ങളിലെ പെരുന്നാള്‍ ആഘോഷങ്ങളിലും നുഴഞ്ഞുകയറി സംഘര്‍ഷം സൃഷ്ടിച്ച് വര്‍ഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ മുതലെടുപ്പിനും ശ്രമിക്കുന്ന സിപിഎം, ബിജെപി ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ജില്ലാ ഭരണകൂടവും പോലീസ് നേതൃത്വവും ഗൗരവമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ഡിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നല്കി.
മേക്കൊഴൂര്‍ ഋഷികേശ ക്ഷേത്രത്തിനു നേരേ നടന്ന ക്രിമിനൽ, ലഹരിമാഫിയ സംഘത്തിന്റെ ആക്രമണത്തില്‍ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കുന്നതായും കുറ്റവാളികള്‍ക്കെതിരേ കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്ത് കര്‍ശനമായ ശിക്ഷാ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.