വികസനമെന്നാൽ ബിജെപിക്ക് തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമാകില്ല: രാജീവ് ചന്ദ്രശേഖർ
1548291
Tuesday, May 6, 2025 5:25 AM IST
പത്തനംതിട്ട: വികസനമെന്നത് ബിജെപിക്ക് കേവലം തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമല്ലെന്ന് ഇതിനോടകം ജനങ്ങൾക്കു വ്യക്തമായിട്ടുണ്ടെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസിത കേരളം ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ ക്ഷേമമാണ് വികസനത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.
അഞ്ചു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതു, വലത് മുന്നണികള്‍ക്ക് ജനങ്ങള്‍ അവസരം കൊടുക്കുന്നു. എന്നാല്‍ പ്രതീക്ഷകള്‍ നിറവേറ്റാന്‍ ഇരുമുന്നണികള്‍ക്കും സാധിച്ചോ എന്നത് വോട്ടു ചെയ്ത ജനങ്ങള്‍ വിശകലനം ചെയ്ത് മനസിലാക്കണം. യുപിഎ മന്ത്രിസഭയില്‍ എട്ട് മലയാളി മന്ത്രിമാരാണുണ്ടായിരുന്നത്. എന്നാല്‍ കേരളത്തിനുവേണ്ടി ഒന്നും ചെയ്യാന്‍ ഇവര്‍ ശ്രമിച്ചില്ല. അതേസ്ഥാനത്ത് ഇപ്പോഴത്തെ മോദി സര്‍ക്കാരില്‍ രണ്ട് കേരളീയരാണ് മന്ത്രിമാരായുള്ളതെങ്കിലും മുന്‍പെങ്ങും ലഭിക്കാത്ത കേന്ദ്ര പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളുമാണ് നടക്കുന്നത്. അഴിമതി രഹിതമായ സുസ്ഥിര ഭരണം കാഴ്ചവച്ചതിനാലാണ് നരേന്ദ്ര മോദിക്ക് രാജ്യത്തെ ജനങ്ങള്‍ മൂന്നാമതും അവസരം നല്‍കിയതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കേരളം മാറിമാറി ഭരിക്കുന്ന സിപിഎം അക്രമ പാര്‍ട്ടിയും കോണ്‍ഗ്രസ് അഴിമതി പാര്‍ട്ടിയുമാണ്. രണ്ട് രാജവംശങ്ങളിലും മരുമക്കളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. 35 വര്‍ഷമായി വോട്ടു ചെയ്യുന്ന മുനമ്പത്തെ ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.
പ്രശ്ന പരിഹാരത്തിനായി മോദി സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിനെ ഇരുമുന്നണികളും എതിര്‍ത്തു. വോട്ടുബാങ്കാണ് ഇവരുടെ ലക്ഷ്യം. പാക്കിസ്ഥാന് ഭീകരവാദികളെ ന്യായീകരിക്കുന്നതും വോട്ട് ലക്ഷ്യമാക്കിയാണെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് അധ്യക്ഷത വഹിച്ചു.