അഡ്മിറ്റ് കാര്‍ഡ് തിരിമറിയില്‍ ഗ്രീഷ്മയ്ക്കു മാത്രം പങ്ക്; വിദ്യാര്‍ഥിയെ വിട്ടയച്ചു
1548568
Wednesday, May 7, 2025 2:57 AM IST
പത്തനംതിട്ട: പത്തനംതിട്ട ഗവ.എച്ച്എസ്എസില്‍ വ്യാജ അഡ്മിറ്റ് കാര്‍ഡ് ഉപയോഗിച്ച് നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിയെ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചു. തിരുവനന്തപുരം പാറശാല സ്വദേശിയായ വിദ്യാര്‍ഥി പരീക്ഷ എഴുതുന്നതിനായി എത്തിയപ്പോഴാണ് കാര്‍ഡില്‍ സംശയം തോന്നി അന്വേഷണം നടത്തിയത്.
അന്വേഷണത്തില്‍ കാര്‍ഡ് വ്യാജമാണെന്നു കണ്ടെത്തുകയും പരീക്ഷാഹാളില്‍ നിന്നും പുറത്തിറക്കിയ വിദ്യാര്‍ഥിയെ ചോദ്യം ചെയ്യുകയും ചെയ്തു. കാർഡ് നിർമിതിയിൽ വിദ്യാർഥിക്കു പങ്കില്ലെന്നു കാട്ടി പോലീസ് കോടതിക്കു റിപ്പോർട്ട് നൽകും. കേസിൽ അറസ്റ്റിലായ നെയ്യാറ്റിൻകരയിലെ അക്ഷയ കേന്ദ്രം ജീവനക്കാരി ഗ്രീഷ്മ റിമാൻഡിലായി. പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥി അപേക്ഷ നല്കാന് സമീപിച്ചത് നെയ്യാറ്റിന്‍കരയിലെ അക്ഷയ കേന്ദ്രത്തെയാണ്.
വിവരങ്ങളും അപേക്ഷാ ഫീസും അവിടെ നല്‍കിയിരുന്നു. എന്നാല്‍ അപേക്ഷ അയയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ ജീവനക്കാരി മറ്റൊരു അഡ്മിറ്റ് കാര്‍ഡില്‍ കുട്ടിയുടെ ഫോട്ടോയും വിവരങ്ങളും ചേര്‍ത്തു നല്‍കിയെന്നാണ് നിഗമനം.
ഇക്കാര്യം ഗ്രീഷ്മയും സമ്മതിച്ച പശ്ചാത്തലത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കേസില്‍ വിശദമായ തെളിവെടുപ്പ് വേണ്ടിവരുമെന്ന് പോലീസ് പറഞ്ഞു. അക്ഷയ കേന്ദ്രത്തിലെ കംപ്യൂട്ടറുകളും ഹാര്‍ഡ് ഡിസ്കും പിടിച്ചെടുത്തിട്ടുണ്ട്. പത്തനംതിട്ട പരീക്ഷാ കേന്ദ്രമായി നല്കിയപ്പോള് കുട്ടി പോകില്ലെന്നാണ് ഗ്രീഷ്മ ധരിച്ചത്. പരീക്ഷാ കേന്ദ്രവും തെറ്റായാണ് രേഖപ്പെടുത്തിയത്.
അഡ്മിറ്റ് കാര്‍ഡിലെ ക്യൂ ആര് കോഡ് സ്കാന്‍ ചെയ്തപ്പോള്‍ മറ്റൊരു പേരാണ് തെളിഞ്ഞുവന്നത്. ഇതോടെയാണ് കുട്ടിയുടെ അപേക്ഷ പോലും എത്തിയിട്ടില്ലെന്ന് വ്യക്തമായത്. അഡ്മിറ്റ് കാര്‍ഡിലെ ഡിക്ലറേഷന്‍ ഭാഗത്തു മറ്റൊരു പേരായിരുന്നു. ഈ വിദ്യാര്‍ഥിയാകട്ടെ തിരുവനനന്തപുരത്തു പരീക്ഷ എഴുതുകയും ചെയ്തു.
തന്റെ ഭാഗത്തു നിന്നും അപേക്ഷ അയയ്ക്കുന്നതിലുണ്ടായ വീഴ്ച മറച്ചുവയ്ക്കാനാണ് ഗ്രീ്ഷ്മ വ്യാജ അഡ്മിറ്റ് കാര്‍ഡ് തയാറാക്കിയതെന്ന റിപ്പോര്‍ട്ട് പോലീസ് നീറ്റ് പരീക്ഷ അധികൃതരെ അറിയിക്കുകയും ചെയ്തു.
വിദ്യാര്‍ഥിയെ ഒരു ദിവസത്തോളം ചോദ്യം ചെയ്തശേഷമാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം വിട്ടയച്ചത്. നീറ്റ് പരീക്ഷയ്ക്കു തയാറെടുപ്പുമായി എത്തിയ കുട്ടിക്ക് പരീക്ഷ എഴുതാന്‍ കഴിയാതെ വന്നത് ഏറെ വിഷമമുണ്ടാക്കിയിരുന്നു.