അങ്കണവാടിയിൽ ഗ്യാസ് സിലിണ്ടർ ചോർന്നു; വൻ ദുരന്തം ഒഴിവായി
1548572
Wednesday, May 7, 2025 3:07 AM IST
കൊടുമൺ: പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ഐക്കാട് പ്രവർത്തിക്കുന്ന 101 ാം നമ്പർ അങ്കണവാടിയിലെ ഗ്യാസ് സിലിണ്ടർ ചോർന്നു. തക്കസമയത്ത് ഫയർഫോഴ്സ് ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവാക്കി.
ഐക്കാട് ഇടശേരിയത്ത് വീട്ടിലെ ദേവകിയമ്മയുടെ വീടിനോടു ചേർന്നുള്ള ഒരു ഭാഗത്തായാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. പുലർച്ചെ അഞ്ചോടെ ഉണർന്ന ദേവകിയമ്മ പാചക വാതകത്തിന്റെ ഗന്ധത്തിൽ സംശയം തോന്നി അടുക്കള പരിശോധിച്ചപ്പോഴാണ് ഗ്യാസ് സിലിണ്ടർ ലീക്കാവുന്നത് കണ്ടത്.
ദേവകിയമ്മ തനിച്ചാണ് വീട്ടിൽ താമസം. ഉടൻതന്നെ അയൽവാസികളെ വിവരം അറിയിക്കുകയും അവർ അടൂർ ഫയർഫോഴ്സിനെ വിളിച്ചുവരുത്തുകയും ചെയ്തു. സേനാംഗങ്ങൾ ലീക്കായ സിലിണ്ടർ ഒഴിഞ്ഞ സ്ഥലത്തേക്കു മാറ്റി ഗ്യാസ് പൂർണമായി ചോർത്തിക്കളയുകയും മുറിക്കുള്ളിൽ അടിഞ്ഞുകൂടിയ ഗ്യാസ് എക്സ്ഹോസ്റ്റ് ബ്ലോവർ ഉപയോഗിച്ച് പുറത്തേക്ക് അടിച്ചു കളയുകയും ചെയ്തു.
2026 മാർച്ച് വരെ കാലാവധി ഉണ്ടെങ്കിലും സിലിണ്ടർ തുരുമ്പിച്ച ചുവടു ദ്രവിച്ച് പൊളിഞ്ഞ അവസ്ഥയിലായിരുന്നു. പറക്കോട് പൂർണിമ ഗ്യാസ് ഏജൻസിയുടെ വിതരണത്തിലുള്ളതാണ് സിലിണ്ടറെന്ന് വീട്ടുകാർ അറിയിച്ചു.
അടൂർ ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സജാദ്, സന്തോഷ്, അനീഷ്, അഭിലാഷ്, വർഗീസ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് ഗ്യാസ് നീക്കം ചെയ്തത്.