പ്രതിരോധ കുത്തിവയ്പെടുക്കാത്ത വളർത്തുനായ്ക്കളെ കണ്ടെത്താൻ ശ്രമം
1548559
Wednesday, May 7, 2025 2:57 AM IST
പത്തനംതിട്ട: പ്രതിരോധ കുത്തിവയ്പെടുക്കാത്ത നായ്ക്കളെ വളർത്തുന്നവർക്കെതിരേ കർശന നടപടിക്ക് ജില്ലാ ഭരണകൂടം. ലൈസൻസോ, പേ വിഷബാധയ്ക്കെതിരേ കുത്തിവയ്പോ എടുക്കാതെ നായ്ക്കളെ വളർത്തുന്നതു നിയമപരമായി സാധ്യമല്ലാത്തതിനാൽ ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ഇടപെടൽ നടത്തണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.
കഴിഞ്ഞയിടെ നാരങ്ങാനത്തെ പതിമൂന്നു വയസുകാരി ഭാഗ്യലക്ഷ്മി നായയുടെ കടിയേറ്റു മരിച്ച സംഭവത്തിൽ തുടർ നടപടികളുമായി മുന്നോട്ടു പോകാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഭാഗ്യലക്ഷ്മിയെ കടിച്ച നായയെ വളർത്തിയിരുന്നത് ലൈസൻസില്ലാതെയാണെന്ന് കുടുംബം പരാതി നൽകിയിട്ടുണ്ട്. കുട്ടിയെ കടിച്ച് മൂന്നു ദിവസങ്ങൾക്കുള്ളിൽ ഈ നായ ചത്തിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ ഇതിനു പേവിഷ ബാധ സ്ഥിരീകരിക്കുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ, നാരങ്ങാനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് അധികൃതർ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ വിളിച്ചുവരുത്തി റിപ്പോർട്ട് തേടും. മരിച്ച ഭാഗ്യലക്ഷ്മിയുടെ മാതാപിതാക്കൾ കഴിഞ്ഞദിവസം ജില്ലാ കളക്ടറെ സന്ദർശിച്ചു പ്രകടിപ്പിച്ച ആശങ്കകൾ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുമെന്ന് കളക്ടർ എസ്. പ്രേംകൃഷ്ണൻ ഉറപ്പു നൽകിയിട്ടുണ്ട്.
ഭാഗ്യലക്ഷ്മിയെ കടിച്ച നായയുടെ ഉടമയെ സംരക്ഷിക്കാൻ ഗ്രാമപഞ്ചായത്ത് അധികൃതർ ശ്രമിച്ചിരുന്നെന്ന ആക്ഷേപം നേരത്തേ ഉയർന്നിരുന്നു. കഴിഞ്ഞ ഡിസംബർ 13നു രാവിലെ സ്കൂളിലേക്കു പോകാൻ ബസ് കാത്തു നിൽക്കുന്പോഴാണ് ഭാഗ്യലക്ഷ്മിക്കു നായയുടെ കടിയേറ്റത്. ആഴത്തിലുള്ള മുറിവാണ് കുട്ടിക്കുണ്ടായത്.
ജില്ലാ ആശുപത്രിയിൽ നിന്ന് പേ വിഷ ബാധയ്ക്കെതിരേയുള്ള വാക്സിനുകൾ കൃത്യമായി നൽകിയിരുന്നു. ഇതിനിടെ നായ ചത്തപ്പോൾ ഇക്കാര്യം ചൂണ്ടിക്കാട്ടി പഞ്ചായത്തിനെയും ആരോഗ്യവകുപ്പിനെയും സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. വാക്സിനേഷനുകൾ പൂർത്തിയാക്കിയിട്ടും ഏപ്രിൽ ഒന്നിനാണ് കുട്ടിക്ക് വീണ്ടും അസ്വസ്ഥതകൾ ഉണ്ടാകുന്നത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാഗ്യലക്ഷ്മി ഏപ്രിൽ ഒന്പതിന് മരിച്ചു. പേ വിഷബാധയാണ് മരണകാരണമെന്ന റിപ്പോർട്ടുകളുണ്ടായിട്ടും മുഖം രക്ഷിക്കാനുള്ള ശ്രമമാണ് ആരോഗ്യവകുപ്പ് നടത്തിയതെന്ന് ആക്ഷേപമുണ്ട്.
മകളുടെ മരണമുണ്ടായപ്പോഴും തങ്ങൾക്ക് നീതി ലഭിച്ചില്ലെന്ന് ഭാഗ്യലക്ഷ്മിയുടെ മാതാപിതാക്കളായ ബിനോജിയും ശില്പയും ആരോപിച്ചു. നായ ചത്തതുമായി ബന്ധപ്പെട്ട പോസ്റ്റ്മോർട്ടം റിപ്പോർട്ട് മറച്ചു.
മകളുടെ മരണത്തിനു കാരണമായ റിപ്പോർട്ടുകളും പുറത്തുവന്നില്ല. ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലാണ് ഇത്തരമൊരു സംഭവമുണ്ടായതെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.
കടിച്ച നായയ്ക്കു പേ വിഷ ബാധ സ്ഥിരീകരിച്ച വിവരം പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും മറച്ചുപിടിച്ചത് ദുരൂഹമാണ്. ഇക്കാര്യം തുടർ വാക്സിനേഷനുകൾക്ക് ജില്ലാ ആശുപത്രിയിൽ എത്തിയപ്പോൾ അറിയിച്ചെങ്കിലും ഗൗരവത്തിലെടുത്തില്ല.