ജൽജീവൻ മിഷന്റെ പേരിൽ ബില്ല് ഈടാക്കാൻ ശ്രമം: ജല അഥോറിറ്റി ഓഫീസ് ഉപരോധിച്ചു
1548292
Tuesday, May 6, 2025 5:25 AM IST
ഏഴംകുളം: ഗ്രാമപഞ്ചായത്തിൽ പൂർത്തിയാകാത്ത ജൽജീവന്‍ പദ്ധതിയുടെ പേരിൽ മുപ്പതോളം പേരിൽനിന്ന് ബിൽ തുക ഈടാക്കാൻ ശ്രമിച്ചതിനെതിരേയും പഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ ജൽജീവന്‍ മിഷൻ പദ്ധതിയുടെ പേരിൽ പൊളിച്ചിട്ട റോഡുകൾ പൂർവസ്ഥിതിയിൽ ആക്കാത്തതിനെതിരേയും ഏഴംകുളം ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അടൂർ ജലഅഥോറിറ്റി പ്രോജക്ട് വിഭാഗം ഓഫീസ് ഉപരോധിച്ചു.
പൂർത്തിയാകാത്ത ജലജീവൻ മിഷന്റെ പേരിൽ ഒരു തുള്ളി വെള്ളം പോലും ലഭിക്കാത്ത 30 ഉപഭോക്താക്കൾക്കാണ് കഴിഞ്ഞ ആറുമാസത്തിലധികമായി 1400 രൂപയിൽ അധികം തുകയുടെ പ്രതിമാസ ബില്ലുകൾ ലഭിച്ചത്. ഇതിനോടൊപ്പം കഴിഞ്ഞ ഒരു വർഷമായി പൈപ്പുകൾ സ്ഥാപിക്കുന്നതിനായി പൊളിച്ചിട്ട് റോഡുകൾ പൂർവസ്ഥിതിയിൽ ആക്കാത്തതും പ്രതിഷേധത്തിന് ഇടയാക്കി. പ്രതിഷേധത്തെ തുടർന്ന് ജൽജീവന്‍ മിഷൻ പ്രോജക്ട് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ പ്രദീപിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ബില്ല് ജനറേറ്റ് ചെയ്യപ്പെട്ട സാങ്കേതിക പിഴവ് ഉദ്യോഗസ്ഥർ അംഗീകരിച്ചു.
ഏഴംകുളം ഗ്രാമപഞ്ചായത്ത് അംഗം ഇ.എ. ലത്തീഫ് നേതൃത്വം നൽകിയ സമരത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി ബാലകൃഷ്ണൻ, സുരേഷ് ബാബു, ശാന്തി കെ.കുട്ടൻ, സി. സദാനന്ദൻ, ജയിംസ് കക്കാട്ടുവിള,സോമൻ നായർ, ജോബോയ് ജോസഫ്, ജയകൃഷ്ണൻ പള്ളിക്കൽ, ചാർളി ഡാനിയേൽ, ബിനിൽ ബിനു, ഷാജഹാൻ ഏഴംകുളം, നുബിൻ ബിനു എന്നിവർ പങ്കെടുത്തു.