രാഷ്ട്രപതിയെ സ്വീകരിക്കാന്‍ ശബരിമല ഒരുങ്ങുന്നു; സംയുക്ത പരിശോധന നടത്തും
1548560
Wednesday, May 7, 2025 2:57 AM IST
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിവിധ വകുപ്പുകൾ ആരംഭിച്ചു. വനം, പൊതുമരാമത്ത്, ആരോഗ്യം വകുപ്പുകളുടെ യോഗം ഇന്നലെ പത്തനംതിട്ട കളക്ടറേറ്റിൽ ചേർന്നു.
നിലയ്ക്കൽ മുതൽ പന്പവരെയുള്ള പാതയിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റും. പത്ത് മരങ്ങൾ ഇത്തരത്തിൽ കണ്ടെത്തിയതായി വനപാലകർ യോഗത്തിൽ അറിയിച്ചു. പന്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ പെരിയാർ ടൈഗർ റിസർവ് ഡിവിഷനാണ് റിപ്പോർട്ട് നൽകേണ്ടത്. നിലയ്ക്കൽ മുതൽ സന്നിധാനംവരെ വിവിധ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി സ്ഥിതി ഗതികൾ പരിശോധിക്കും.
കേന്ദ്ര സുരക്ഷ ഏജൻസി ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തിയശേഷം നൽകുന്ന നിർദേശങ്ങളും പാലിക്കും. രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം മുന്നില്‍ക്കണ്ട് ശബരിമലയില്‍ ഇടവമാസ പൂജയ്ക്കെത്തുന്ന അയ്യപ്പഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ നട തുറക്കുന്ന 14 മുതല്‍ 17 വരെ മാത്രമേ അയ്യപ്പഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് അനുവദിച്ചിട്ടുളളൂ.
19നു രാത്രിയാണ് നട അടയ്ക്കുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ശബരിമല സന്നിധാനത്തും ക്രമീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഗസ്റ്റ് ഹൗസിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതടക്കമുള്ള ജോലികള്‍ ആരംഭിച്ചു.
നീലിമല, അപ്പാച്ചിമേട് വഴിയുള്ള പരമ്പരാഗത പാതയും സ്വാമി അയ്യപ്പന് റോഡും കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ പരിശോധിച്ചു. പമ്പ മുതല്‍ സന്നിധാനം വരെ ആരോഗ്യ വകുപ്പ് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. ഇതിനു മുന്നോടിയായി കഴിഞ്ഞദിവസം ദേവസ്വം വകുപ്പുദ്യോഗസ്ഥരുടെയും ബോര്‍ഡിന്റെയും യോഗം മന്ത്രി വി.എൻ. വാസവന് വിളിച്ചുചേര്‍ത്തു.
പമ്പയിലും സന്നിധാനത്തും ഗസ്റ്റ് ഹൗസുകളില്‍ രണ്ടു വീതം മുറികള്‍ രാഷ്ട്രപതിക്ക് വിശ്രമത്തിനായി സജ്ജീകരിക്കും. ഇതിനായി അറ്റകുറ്റപ്പണികള്‍ ഉടനെ ആരംഭിക്കും. സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതി ശബരി ഗസ്റ്റ് ഹൗസിലായിരിക്കും വിശ്രമിക്കുന്നത്. വി.വി. ഗിരിക്കുശേഷം ശബരിമല സന്ദര്‍ശിക്കുന്ന രാഷ്ട്രപതിയാണ് ദ്രൗപദി മുര്‍മു.