സഹജീവികളെ കരുതാനാകണം: കാതോലിക്ക ബാവ
1548024
Monday, May 5, 2025 4:05 AM IST
പരുമല: ദൈവം നമുക്ക് കാണിച്ചു തന്ന ഏറ്റവും നല്ല മാര്‍ഗം കരുതലിന്റെയും സേവനത്തിന്റേതുമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. പരുമല സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓഡിറ്റോറിയത്തില്‍ സ്രോതസ് പ്രോജക്ടുകളുടെ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രശസ്തി ആഗ്രഹിക്കാതെ പ്രതിഫലം ഇച്ഛിക്കാതെ മറ്റുള്ളവര്‍ക്ക് കൊടുക്കുവാനാണ് ദൈവം പഠിപ്പിച്ചത്. ജീവകാരുണ്യ സംഘടനയായ സ്രോതസ് ഷാര്‍ജയുടെ പ്രവര്‍ത്തനങ്ങളിലൂടെ ആയിരക്കണക്കിനാളുകളുടെ ദുഃഖം അകറ്റുവാന്‍ കഴിഞ്ഞുവെന്നും കാതോലിക്കാ ബാവ പറഞ്ഞു. സ്രോതസ് പ്രസിഡന്റ് ഡേവിഡ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി.
പാലക്കാട് അട്ടപ്പാടി സെന്റ് ഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് സ്രോതസ് നിര്‍മിച്ചു നല്കുന്ന സയന്‍സ് ലാബിന്റെയും കുട്ടംപേരൂരിലെ വീടിന്റെയും താക്കോല്‍ദാനം കാതോലിക്കാ ബാവ നിര്‍വഹിച്ചു.
വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അസോസിയേഷന് സെക്രട്ടറി ബിജു ഉമ്മന്‍, ഫിലിപ്പ് എം. ശാമുവല്‍ കോര്‍ എപ്പിസ്കോപ്പ, യൂഹാനോന്‍ റമ്പാന്, ഫാ. എം.സി. പൗലോസ്, സഭ മാനേജിംഗ് കമ്മിറ്റിയംഗം ജോണ്‍ മത്തായി , സ്രോതസ് സെക്രട്ടറി സുനിൽ മാത്യു, ട്രഷറര്‍ മനോജ് മാത്യു, ഷിബു പുത്തൂരാന്‍, അനു റെജി, ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു.