വിഴിഞ്ഞം: മുഖ്യമന്ത്രിയുടേത് അൽപ്പത്തമെന്ന് ഫ്രാൻസിസ് ജോർജ് എംപി
1548026
Monday, May 5, 2025 4:05 AM IST
മല്ലപ്പള്ളി: വിഴിഞ്ഞം പദ്ധതിയുടെ തലതൊട്ടപ്പനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരു പരാമർശിക്കാതിരുന്നതും പ്രതിപക്ഷ നേതാവിനെ ചടങ്ങിൽ ഉൾപ്പെടുത്താതിരുന്നതും മുഖ്യമന്ത്രിയുടെ അല്പത്തമാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എംപി.
മല്ലപ്പള്ളി താലൂക്ക് ആസ്ഥാനത്തോടും സമീപ പഞ്ചായത്തുകളോടും സർക്കാരും എംഎൽഎയും കാണിക്കുന്ന വിവേചനത്തിനും അവഗണനയ്ക്കുമെതിരേ കേരള കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മല്ലപ്പള്ളി-ആനിക്കാട്-കോട്ടാങ്ങൽ കുടിവെള്ളപദ്ധതി കമ്മീഷൻ ചെയ്യുക, തിരുവല്ല-മല്ലപ്പള്ളി ചോലക്കൊമ്പ് റോഡ് നിർമണം ആരംഭിക്കുക, ഐഎച്ച്ആർഡി സ്കൂളിന് കെട്ടിടം നിർമിക്കുക, കെഎസ്ആർടിസി ഡിപ്പോ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സദസ് നടത്തിയത്. ടി.എസ്. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു.
ജോസഫ് എം. പുതുശേരി, ജോൺ കെ. മാത്യൂസ്, കുഞ്ഞുകോശി പോൾ, വർഗീസ് മാമ്മൻ, തോമസ് മാത്യു ആനിക്കാട്, ജോൺസൺ കുര്യൻ, ഷാജൻ മാത്യു, ബിനു കുരുവിള, ടോണി കുര്യൻ, സൂസൻ ദാനിയേൽ, എസ്. വിദ്യാമോൾ, വി. തോമസ് മാത്യു,
എം.എസ്. ശ്രീദേവി, സജി ഡേവിഡ്, മോനി കച്ചിറയ്ക്കൽ, ടി.ജി. മാത്യു, അജികുമാർ, മോളിക്കുട്ടി സിബി, എം.വി. കോശി, അനിൽ കയ്യാലത്ത്, രാജൻ എണാട്ട്, ബിജു പണിക്കമുറി എന്നിവർ പ്രസംഗിച്ചു.