വാഹനാപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബത്തെ പോലീസ് പീഡിപ്പിക്കുന്നതായി പരാതി
1548280
Tuesday, May 6, 2025 5:25 AM IST
പത്തനംതിട്ട: സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർഥിയുടെ കുടുംബത്തെ പോലീസ് പീഡിപ്പിക്കുന്നതായി പരാതി. അന്വേഷണത്തിന്റെ പേരിൽ കുടുംബത്തെ പോലീസ് പീഡിപ്പിക്കുന്നതായി പിതാവ് പത്രസമ്മേളനത്തിൽ പറഞ്ഞു.
2024 ഒക്ടോബർ 31 ന് പന്തളം - മാവേലിക്കര റോഡിൽ കുന്നിക്കുഴി ജംഗ്ഷനു സമീപം രാത്രി ഏഴിനാണ് മങ്ങാരം പ്ലാന്തോട്ടത്തിൽ പി.ജി. സുനിയുടെ മകൻ ലിനിൽ (17) മരിച്ചത്. അയൽവാസിയും ബന്ധുവുമായ ആരോമലിനൊപ്പം സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം.
സ്കൂട്ടറും ഒരു ജീപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ ആരോമലിനും പരിക്കേറ്റിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്നത് ആരോമലാണെന്ന് തെളിവുകളും മൊഴിയും ഉണ്ടായിരുന്നു. എന്നാൽ, ലിനിൽ വാഹനം ഓടിച്ചിരുന്നുവെന്ന് വരുത്തിത്തീർക്കാനാണ് പോലീസിന്റെ ശ്രമം. അന്വേഷണത്തിന്റെ തുടക്കം മുതൽ പന്തളം പോലീസ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചിരുന്നതായി സുനി പറഞ്ഞു. മകൻ അപകടത്തിൽ മരിച്ചതിനേ തുടർന്ന് മാനസികമായ തകർന്ന സുനിയുടെ കുടുംബത്തിന് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടക്കത്തിൽ ശ്രദ്ധിക്കാനായില്ല. നാലുമാസം കഴിഞ്ഞ് അന്വേഷണത്തിൽ സംശയം തോന്നിയ സുനി പന്തളം പോലീസിനെ സമീപിച്ചു. മറുപടി തൃപ്തികരമല്ലാത്തതിനാൽ ഡിജിപിക്ക് പരാതി നൽകി.
ഇതേത്തുടർന്ന് കൊല്ലത്തുനിന്നുള്ള ഡിവൈഎസ്പി സ്ഥലത്തെത്തി അന്വേഷണം നടത്തി. രണ്ടാഴ്ചമുമ്പ് പത്തനംതിട്ട ലോക്കൽ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ച് ആരോമലിനോടു (23) മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പി.ജി. സുനി പറഞ്ഞു. എതിർദിശയിൽ വന്ന ജീപ്പ് ഇടിച്ചാണ് ലിനിൽ മരിച്ചത്. ജീപ്പ് ഓടിച്ചിരുന്നയാളെ സംരക്ഷിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്.
ജീപ്പുടമ കുരന്പാലയിലെ പ്രമുഖ ഭരണകക്ഷി നേതാവാണ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുകയാണ് പോലീസ് ചെയ്യുന്നത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനോ അപകടത്തിനു ദൃക്സാക്ഷിയായവരുടെ മൊഴിയെടുക്കാനോ പോലീസ് തയാറായില്ലെന്ന് സുനി ആരോപിച്ചു. ബന്ധു ആരോമലും പത്രസമ്മേളനത്തിൽ പങ്കെടുത്തു.