മദ്യലഹരിയിലായിരുന്ന കെഎസ്ആർടിസി ഡ്രൈവറെ വിജിലൻസ് പിടികൂടി
1548281
Tuesday, May 6, 2025 5:25 AM IST
പന്തളം: മദ്യലഹരിയിലായിരുന്ന കെഎസ്ആർടിസി ഡ്രൈവറെ വിജിലൻസ് സംഘം പരിശോധനയ്ക്കിടെ പിടികൂടി. പന്തളം ഡിപ്പോയിലെ ഡ്രൈവർ കെ.എ. അനിൽകുമാറിനെയാണ് പിടികൂടിയത്.
ഇന്നലെ രാവിലെ പന്തളം ഡിപ്പോയിൽ ജോലിക്കു ഹാജരായപ്പോൾ പതിവ് പരിശോധനയിൽ ഇയാൾ മദ്യലഹരിയിലാണെന്ന തരത്തിൽ റിപ്പോർട്ട് വന്നിട്ടും സ്റ്റേഷൻ മാസ്റ്റർ ജോലി ചെയ്യാൻ അനുവദിച്ചുവെന്നത് വിവാദമായിട്ടുണ്ട്. ബ്രത്ത് അനലൈസർ പരിശോധനയിൽ അമിതമായ തോതിൽ മദ്യത്തിന്റെ അളവ് കണ്ടെത്തിയിരുന്നു. രാവിലെ 6.30നുള്ള തിരുവല്ല ഓർഡിനറി സർവീസിലാണ് അനിൽ കുമാറിനെ ഡ്യൂട്ടിക്ക് നിയോഗിച്ചത്.
ബസ് തിരുവല്ലയിലെത്തി അവിടെനിന്ന് അടൂരിലേക്ക് യാത്ര തുടർന്നു. ഒന്പതോടെ അടൂരിലെത്തിയ കെഎസ്ആർടിസി വിജിലൻസ് സംഘം അനിൽ കുമാറിനെ ബ്രീത്ത് അനലൈസർ പരിശോധനയ്ക്കു വിധേയനാക്കി. അപ്പോഴും മദ്യത്തിന്റെ തോത് ഉയർന്നുതന്നെ നിന്നതോടെ ജോലിയിൽനിന്നു മാറിനിൽക്കാൻ നിർദേശിക്കുകയായിരുന്നു. കെഎസ്ആർടിസി പത്തനംതിട്ട വിജിലൻസ് ഓഫീസർ പി. ജയചന്ദ്രൻപിള്ള, ഇൻസ്പെക്ടർ അനൂപ് കൃഷ്ണൻ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. സംസ്ഥാന വിജിലൻസ് വിഭാഗത്തിനു ലഭിച്ച പരാതിയേ തുടർന്നാണ് വീണ്ടും ബ്രത്ത് അനലൈസർ ഉപയോഗിച്ച് പരിശോധന നടത്തിയതെന്ന് പറയുന്നു. അനിൽ കുമാറിനു പകരം പന്തളം ഡിപ്പോയിൽനിന്നും മറ്റൊരു ഡ്രൈവറെ വരുത്തിയാണ് ബസ് ട്രിപ്പ് തുടർന്നത്.