രാഷ്ട്രപതി ദ്രൗപദി മുര്‍മു 19ന് ശബരിമലയിലെത്തിയേക്കും
1548282
Tuesday, May 6, 2025 5:25 AM IST
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര ദര്‍ശനത്തിനായി 19ന് എത്തിയേക്കും. 18നു രാഷ്ട്രപതി കേരളത്തിലെത്തുമെന്നാണ് സൂചന. കോട്ടയത്തെത്തുന്ന രാഷ്ട്രപതിയുടെ താമസം കുമരകത്തായിരിക്കും.
19നു രാവിലെ കോട്ടയത്തുനിന്ന് ഹെലികോപ്ടറില്‍ നിലയ്ക്കലിലേക്കു പുറപ്പെടുന്ന രാഷ്ട്രപതി അവിടെനിന്ന് വാഹനമാര്‍ഗം പമ്പയിലെത്തും. പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ഇരുമുടിക്കെട്ടുമായി നടന്നുനീങ്ങണമെന്ന താത്പര്യമാണ് രാഷ്ട്രപതി പ്രകടിപ്പിച്ചിട്ടുള്ളതെന്നു പറയുന്നു. ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം മുന്നില്‍ക്കണ്ട് ശബരിമലയില്‍ ഇടവമാസ പൂജയ്ക്കെത്തുന്ന അയ്യപ്പഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ നട തുറക്കുന്ന 14 മുതല്‍ 17 വരെ മാത്രമേ അയ്യപ്പഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് അനുവദിച്ചിട്ടുള്ളൂ. 19നു രാത്രിയാണ് നട അടയ്ക്കുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ശബരിമല സന്നിധാനത്തും ക്രമീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഗസ്റ്റ് ഹൗസിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതടക്കമുള്ള ജോലികള്‍ ആരംഭിച്ചു.
കേന്ദ്ര സുരക്ഷാ ഏജൻസികളുടെ പ്രാഥമിക പരിശോധന നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നടന്നു. നീലിമല, അപ്പാച്ചിമേട് വഴിയുള്ള പരമ്പരാഗത പാതയും സ്വാമി അയ്യപ്പൻ റോഡും കേന്ദ്ര സുരക്ഷാ ഏജൻസികൾ പരിശോധിച്ചു. പമ്പ മുതൽ സന്നിധാനം വരെ ആരോഗ്യ വകുപ്പ് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തും. ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ഇന്ന് പത്തനംതിട്ട കളക്ടറേറ്റിൽ വിളിച്ചിട്ടുണ്ട്. തുടർന്ന് പോലീസ്, ദേവസ്വം ഉദ്യോഗസ്ഥരുടെ യോഗവും ചേരും.
പമ്പയിലും സന്നിധാനത്തും ഗസ്റ്റ് ഹൗസുകളിൽ രണ്ടു വീതം മുറികൾ രാഷ്ട്രപതിക്ക് വിശ്രമത്തിനായി സജ്ജീകരിക്കും. ഇതിനായി അറ്റകുറ്റപ്പണികൾ ഉടനെ ആരംഭിക്കും. സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതി ശബരി ഗസ്റ്റ് ഹൗസിലായിരിക്കും വിശ്രമിക്കുന്നത്.