ചെങ്ങന്നൂർ - മുണ്ടക്കയം ബസ് സർവീസ് ആരംഭിച്ചു
1548285
Tuesday, May 6, 2025 5:25 AM IST
കോഴഞ്ചേരി: പുതുതായി ആരംഭിച്ച ചെങ്ങന്നൂര്‍ - മുണ്ടക്കയം ബസ് സർവീസ് മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു.
ചലച്ചിത്ര നടന് മോഹന്‍ അയിരൂർ, അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന് നായർ, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തംഗം ടി.കെ.രാമചന്ദ്രന് നായർ, പത്തനംതിട്ട ജില്ലാ കഥകളി ക്ലബ് വര്‍ക്കിംഗ് പ്രസിഡന്റ് ജോണ്സണ് മാത്യു, ചെങ്ങന്നൂര്‍ അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ കെ.ആർ. അജീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കെഎസ്ആർടിസി ചെങ്ങന്നൂർ ഡിപ്പോയിൽ നിന്നുള്ള സർവീസ് രാവിലെ 6.30ന് മുണ്ടക്കയത്തു നിന്നാണ് സർവീസ് ആരംഭിക്കുന്നത്.
എരുമേലി, റാന്നി, പ്ലാങ്കമൺ, തേക്കുങ്കൽ, മതാപ്പാറ, ചെറുകോൽപ്പുഴ, പുളിമുക്ക്, തോണിപ്പുഴ, പുല്ലാട്, കുന്പനാട്, ആറാട്ടുപുഴ വഴി 9.20ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തും. വൈകുന്നേരം 4.30ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ച് ഇതേ റൂട്ടിലൂടെ രാത്രി 7.30ന് മുണ്ടക്കയത്തെത്തും. പഴയ കാല ഗ്രാമീണ സര്‍വീസുകള്‍ നിലച്ച് പോയതു മൂലം ബുദ്ധിമുട്ടിലായ ഗ്രാമീണ മേഖലകളില്‍ സര്‍വീസ് തുടങ്ങാനുള്ള മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ സര്‍വീസ് ആരംഭിച്ചത്.
1980 കളില്‍ റാന്നി - ആലപ്പുഴ, ചെങ്ങന്നൂര്‍ -വലിയകാവ്, തിരുവല്ല - റാന്നി തുടങ്ങിയ കെഎസ്ആര്‍ടിസി സർവീസുകള്‍ക്കൊപ്പം ചെറുകോല്‍പ്പുഴ-തിരുവനന്തപുരം സർവീസും ഈ വഴികളില്‍ നടന്നിരുന്നു. നിലവില്‍ ചെറുകോല്‍പ്പുഴ - തിരുവന്തപുരം സർവീസ് റാന്നിയിലേക്ക് നീട്ടി സർവീസ് തുടരുന്നുണ്ട്. മറ്റു സർവീസുകളെല്ലാം നിലച്ചു.