നിലമ്പൂരില്‍ ആവേശം കൂട്ടാൻ കോട്ടയത്തെ നേതാക്കളും
1564406
Monday, June 2, 2025 11:53 PM IST
കോട്ടയം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോട്ടയത്തുനിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും.
മൂന്നു മുന്നണി സ്ഥാനാര്‍ഥികള്‍ക്കു പുറമേ തൃണമൂല്‍ സ്ഥാനാര്‍ഥി പി.വി. അന്‍വറിനൊപ്പവും കോട്ടയത്തുനിന്നുള്ള നേതാക്കള്‍ നിലമ്പൂര്‍ മണ്ഡലത്തിലുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നയുടന്‍തന്നെ നേതാക്കള്‍ക്ക് മുന്നണികളും പാര്‍ട്ടികളും വിവിധയിടങ്ങളില്‍ ചുമതലകള്‍ നല്‍കിയിരുന്നു.
യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തിനായി ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ നിലമ്പൂരിലെത്തിയിരിക്കുന്നത്. ഒരു പഞ്ചായത്തിന്റെ പ്രചാരണച്ചുമതലയാണ് ചാണ്ടി ഉമ്മനു നല്‍കിയിരിക്കുന്നത്. കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും നിലമ്പൂരിലെത്തിയിട്ടുണ്ട്.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കെപിസിസി ജനറല്‍ സെക്രട്ടറി പി.എ. സലിം എന്നിവര്‍ക്കൊപ്പം ഭാരവാഹികളും പ്രവര്‍ത്തകരും നിലമ്പൂരിലെത്തും. കേരള കോണ്‍ഗ്രസില്‍ മോന്‍സ് ജോസഫ് എംഎല്‍എ, ഫ്രാന്‍സിസ് ജോര്‍ജ് എംപി എന്നിവരും പ്രവര്‍ത്തകരും പ്രചാരണരംഗത്തുണ്ട്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജിനുവേണ്ടി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍ മണ്ഡലത്തിലുണ്ട്. പ്രചാരണം, വിവിധ പഞ്ചായത്തുകളുടെ ഏകോപനം എന്നിങ്ങനെ ചുമതലകള്‍ അനില്കുമാറുണ്ട്.
കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി കഴിഞ്ഞ ദിവസങ്ങളില്‍ നിലമ്പൂരിലുണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് പ്രചാരണത്തിന് എംഎല്‍എമാരെയും നേതാക്കളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജിനുവേണ്ടി പ്രചാരണം നടത്താന്‍ ബിജെപി ജില്ലാ നേതാക്കള്‍ വൈകാതെ നിലമ്പൂരിലെത്തും.
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.വി. അന്‍വറിന്റെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരകനായി സജി മഞ്ഞക്കടമ്പില്‍ നിലമ്പൂരിലുണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനം, പാര്‍ട്ടി യോഗങ്ങള്‍, പത്രികാ സമര്‍പ്പണം തുടങ്ങിയവയില്‍ അന്‍വറിനൊപ്പം സജിയുണ്ടായിരുന്നു. ജില്ലയില്‍നിന്നുള്ള ഏതാനും പ്രവര്‍ത്തകരുമുണ്ട്. പ്രചാരണം തീരുംവരെ ഇവര്‍ മണ്ഡലത്തിലുണ്ടാകും.