ചങ്ങനാശേരിയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍
1564359
Monday, June 2, 2025 7:13 AM IST
ചങ്ങനാശേരി: മഴ മാറി, മാനം തെളിഞ്ഞത് ആളുകള്‍ക്ക് ആശ്വാസമായി. കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ തോടുകളിലും ആറുകളിലും ജലനിരപ്പുയരുന്നു. താഴ്ന്ന പ്രദേശങ്ങളിലെ നൂറുകണക്കിനു വീടുകള്‍ വെള്ളത്തിലായി.
താലൂക്കില്‍ ആകെ എട്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. നൂറോളം കുടുംബങ്ങളിലെ നാനൂറോളം അംഗങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നുണ്ട്. ചങ്ങനാശേരി-ആലപ്പുഴ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നുണ്ട്. വെള്ളക്കെട്ടുള്ളതിനാല്‍ പല ചെറുറൂട്ടുകളിലും സര്‍വീസുകളില്ല. ഇന്ന് അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ ആലപ്പുഴ സെക്ടറിലെ ബസുകളുടെ കുറവ് വിദ്യാര്‍ഥികളെയും മറ്റു യാത്രക്കാരെയും ബാധിക്കാനിടയുണ്ട്.
ഗവ. മോഡല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ എസി കോളനിയിലെ 11 കുടുംബങ്ങളിലെ 26 അംഗങ്ങളും പണ്ടകശാലക്കടവ് സെന്റ് ജയിംസ് എല്‍പി സ്കൂളില്‍ ഒരു കുടുംബത്തിലെ ഒരു സ്ത്രീയും പുരുഷനും കുട്ടിയും ഉള്‍പ്പടെ മൂന്നുപേരും പെരുന്ന വെസ്റ്റ് യുപിഎസില്‍ 19 കുടുംബങ്ങളിലെ 90 അംഗങ്ങളും പുഴവാത് എല്‍പി സ്കൂളില്‍ 18 കുടുംബങ്ങളില്‍നിന്നായി 71 അംഗങ്ങളും എത്തിയിട്ടുണ്ട്.
ചങ്ങനാശേരി ടൗണ്‍ എല്‍പി സ്കൂളില്‍ 10 കുടുംബങ്ങളിലെ ഉള്‍പ്പെടെ 31 അംഗങ്ങളും വാഴപ്പള്ളി വിഎച്ച്എസ് സ്കൂളില്‍ ഏഴ് കുടുംബങ്ങളിലെ 28 അംഗങ്ങളും പൂവം യുപി സ്കൂളില്‍ 12 കുടുംബങ്ങളില്‍നിന്നുള്ള 45 അംഗങ്ങളും പെരുന്ന ഗവ. എല്‍പിഎസില്‍ 13 കുടുംബങ്ങളിലെ 47 അംഗങ്ങളും താമസക്കാരായുണ്ട്.
photo:
ജലപ്രളയം...പറാലില്‍ നിന്നൊരു പ്രളയക്കാഴ്ച.