വൈകല്യങ്ങളെ കൈവല്യങ്ങളാക്കാൻ ഹോളിക്രോസ് സ്പെഷൽ സ്കൂളിൽ ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതിയും
1564653
Tuesday, June 3, 2025 11:29 PM IST
മണ്ണയ്ക്കനാട്: പ്രവേശനോത്സവത്തിന് ഇരട്ടി മധുരം സമ്മാനിച്ച് ഹോളിക്രോസ് സ്പെഷൽ സ്കൂളിൽ ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതിക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 10.30 ന് മോൻസ് ജോസഫ് എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്യും.
വിദേശ രാജ്യങ്ങളിൽ നടപ്പിലാക്കിയ ഡിജിറ്റലൈസ്ഡ് ലേണിംഗ് പ്രോഗ്രാമിന്റെ മാതൃകയിലാണ് സ്പെഷൽ സ്കൂൾ വിദ്യാർഥികൾക്കായി ഈ പദ്ധതി ആരംഭിക്കുന്നതെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ബോബി പോൾ പറഞ്ഞു. വെർജ് ടാബ് ഉപയോഗിച്ച് പതിനെട്ട് വയസിൽ താഴെയുള്ള 30 കുട്ടികൾക്ക് ഒരേ സമയം പഠിക്കാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണം. പ്രത്യേക പരിശീലനം പൂർത്തിയാക്കിയ 22 അധ്യാപകർ സ്കൂളിലുണ്ട്.
തൊഴിൽ നൈപുണ്യ പരിശീലനവും കലാ കായിക മേഖലയിൽ കഴിവ് വികസിപ്പിക്കുന്നതിനും പ്രത്യേക പദ്ധതികൾ സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. ഹോളിക്രോസ് അങ്കമാലി പ്രൊവിൻഷ്യൽ സിസ്റ്റർ എൽസി ജോർജ് അധ്യക്ഷത വഹിക്കും. ഡോ. ജിനോ മുഖ്യപ്രഭാഷണം നടത്തും. ഹോളിക്രോസ് പള്ളി വികാരി ഫാ. തോമസ് പഴവക്കാട്ടിൽ, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, മരങ്ങാട്ടുപിള്ളി പഞ്ചായത്തംഗം തുളസിദാസ്, സാന്താക്രൂസ് എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് എൽസി സ്കറിയ, സ്കൂൾ മാനേജർ സിസ്റ്റർ ഫബി ജോസഫ് , പിടിഎ പ്രസിഡന്റ് സുനിൽ സിറിയക് , പ്രിൻസിപ്പൽ സിസ്റ്റർ ബോബി പോൾ എന്നിവർ പ്രസംഗിക്കും.