ചെക്ക് തട്ടിയെടുത്ത് 25 ലക്ഷം രൂപ കൈപ്പറ്റാൻ ശ്രമിച്ചയാൾ പോലീസ് പിടിയിൽ
1564924
Thursday, June 5, 2025 5:06 AM IST
കുറവിലങ്ങാട്: സുഹൃത്തിന്റെ ഭാര്യയുടെ ചെക്ക് തട്ടിയെടുത്ത് 25 ലക്ഷം രൂപ കൈപ്പറ്റാന്‍ ശ്രമിച്ചയാളെ കുറവിലങ്ങാട് പോലീസ് പിടികൂടി. കാണക്കാരി കുളത്തൂര്‍ കുടിലില്‍ ടോമി ജോസഫിനെയാണ് (52) അറസ്റ്റ് ചെയ്തത്.
2024 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരിയും ഭര്‍ത്താവും ഏറ്റുമാനൂര്‍ ഭാഗത്ത് ഹോട്ടല്‍ ബിസിനസ് നടത്തുകയായിരുന്നു. ഭര്‍ത്താവ് മരിച്ചശേഷം ഇവരുടെ സുഹൃത്തായ ടോമി പരാതിക്കാരിയുടെ പേരിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഒരു ചെക്ക് കൈക്കലാക്കിയശേഷം 25 ലക്ഷം രൂപ തുകയെഴുതി വ്യാജമായി ഒപ്പിട്ട് കളക്ഷന്‍ തിരുവനന്തപുരം ബ്രാഞ്ചിലേക്ക് അയച്ചു.
ബാങ്കില്‍നിന്നാണ് വിവരം പരാതിക്കാരി അറിഞ്ഞത്. തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.