ജീപ്പ് ഇടിച്ചുതെറിപ്പിച്ച വഴിയാത്രക്കാരി അദ്ഭുതകരമായി രക്ഷപ്പെട്ടു
1565156
Thursday, June 5, 2025 11:55 PM IST
കാഞ്ഞിരപ്പള്ളി: ജീപ്പിടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരി അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇടക്കുന്നം തടത്തിൽ സതി സന്തോഷിനെയാണ് റോഡ് മുറിച്ച് കടക്കുന്നതിനിടെ താർ ജീപ്പ് ഇടിച്ചുതെറിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ കാളകെട്ടിയിലാണ് സംഭവം.
കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം റോഡ് മുറിച്ച് കടക്കുകയായിരുന്ന സതിയെ ജീപ്പ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡ് വക്കിലേക്ക് തെറിച്ചവീണ ഇവരെ സമീപത്തെ വ്യാപാരികളുടെ സഹായത്തോടെ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘമാണ് പോലീസ് ജീപ്പിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .
പിണ്ണാക്കനാട് ജോലി ചെയ്യുന്ന സതി കാളകെട്ടിയിൽ തയ്യൽക്കടയിൽ പോയി മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. സതിയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അപകടത്തിനിടയാക്കിയ ജീപ്പ് കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു പോവുകയായിരുന്നു. യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചശേഷം വഴിവക്കിലെ വൈദ്യുതിപോസ്റ്റിൽ ഇടിച്ചാണ് ജീപ്പ് നിന്നത്.