മണ്ണുമായി ബന്ധമില്ലാത്ത അന്ധസമൂഹം ബലപ്പെടുന്നു: ഡോ. ഗീവർഗീസ് മാർ കൂറിലോസ്
1565162
Thursday, June 5, 2025 11:55 PM IST
കോട്ടയം: പ്രകൃതിയെ നിഷ്കരുണം തകർത്ത് പാവപ്പെട്ട മനുഷ്യരെ ഇരകളാക്കുന്ന നയസമീപനങ്ങളും ഭരണനടപടികളുമാണ് നമ്മുടെ കാലം നേരിടുന്ന പ്രതിസന്ധിയെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത.
ദേശീയ കർഷക ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഡികെഎഫ് കാർഷികമേള 2025 വേദിയിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മണ്ണുമായി ബന്ധമില്ലാത്ത അന്ധ സമൂഹമായി നാം സങ്കോചിക്കുകയാണ്. ഗുരുതരമായ നയവൈകല്യങ്ങളുടെ പശ്ചാത്തലത്തിൽ പരിസ്ഥിതിദിനം ആഘോഷിച്ച് ആവർത്തനഘോഷത്തിലാണ് നമ്മളെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
ഡികെഎഫ് വൈസ് പ്രസിഡന്റ് വി.പി. മത്തായി അധ്യക്ഷത വഹിച്ചു. കാർഷിക മേഖലയിൽ സമഗ്ര സംഭാവനകൾ നല്കിയ ഫ്രാൻസിസ് ജോർജ് പട്ടിത്താനം, ജോർജ് ഗർവാസീസ്, എൻ.വി. ജോൺ പാലക്കാട് എന്നിവരെ ആദരിച്ചു.
ഡോ. സെൽവി സേവ്യർ, പി.ടി. ജോൺ, ഡോ. മാനുവൽ അലക്സ്, സി.ജി. പ്രകാശൻ, വൈഎംസിഎ ജനറൽ സെക്രട്ടറി ഷൈജു വർഗീസ് , ഡോ. ബെന്നി ജോർജ്, ജില്ലാ പ്രസിഡന്റ് സജി പി. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.