കുറവിലങ്ങാട് അഗ്രിഫെസ്റ്റ്
1564643
Tuesday, June 3, 2025 11:29 PM IST
പാലാ: കാര്‍ഷിക രംഗത്ത് ഫലപ്രദമായ ഇടപെടലുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന പാലാ രൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലാ അഗ്രിമ കാര്‍ഷിക നഴ്സറിയുടെ സഹകരണത്തോടുകൂടി കുറവിലങ്ങാട് മര്‍ത്ത് മറിയം ആര്‍ക്കിഎപ്പിസ്കോപ്പല്‍ പള്ളിയുടെ അങ്കണത്തില്‍ കുറവിലങ്ങാട് അഗ്രി ഫെസ്റ്റ് എന്ന പേരില്‍ കാര്‍ഷികമേള സംഘടിപ്പിക്കും. ആറ്, ഏഴ്, എട്ട് തീയതികളിലായി നടത്തപ്പെടുന്ന അഗ്രി ഫെസ്റ്റിന്റെ ഉദ്ഘാടനം ആറിന് രാവിലെ വികാരിയും സ്വാശ്രയസംഘം രക്ഷാധികാരിയുമായ റവ. ഡോ. തോമസ് മേനാച്ചേരി നിര്‍വഹിക്കും.
പിഎസ്ഡബ്ല്യുഎസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ ആദ്യ വില്‍പ്പന നിര്‍വഹിക്കും. സ്വാശ്രയസംഘം ഡയറക്ടര്‍ ഫാ. ജോസഫ് ചൂരയ്ക്കല്‍ അധ്യക്ഷത വഹിക്കും. ഹൈബ്രിഡ് പച്ചക്കറി തൈകള്‍, നാടന്‍, വിദേശ ഫല വൃക്ഷ തൈകള്‍, പുതിയ ഇനം പച്ചക്കറി വിത്തുകള്‍, കാര്‍ഷിക മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍, കാര്‍ഷിക വിഭവങ്ങള്‍,കാര്‍ഷിക വിളകള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനവും ഉണ്ടായിരിക്കും. വിവിധ ജൈവ വളങ്ങള്‍, കീടനാശിനികള്‍, ചെടിച്ചട്ടികള്‍, കൃഷി ഉപകരണങ്ങള്‍ തുടങ്ങിയവ മേളയില്‍ ലഭ്യമാണ്.
റീജിയണ്‍, സോണ്‍ കോഓര്‍ഡിനേറ്റര്‍മാരായ സിബി കണിയാംപടി, ലിജി ജോണ്‍, സംഘം ഭാരവാഹികളായ ജോണ്‍ എം.വി. കുന്നേല്‍, കുഞ്ഞുമോന് ഈന്തുകുഴി, റാണി ജോസഫ്, മഞ്ജു മാണി, എല്‍സമ്മ ജോസഫ് , സെലിന് ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.