കലാകാരന്മാര് ദേശഭേദങ്ങളില്ലാത്തവര്: കലാമണ്ഡലം ഗോപി
1584745
Tuesday, August 19, 2025 1:18 AM IST
കൊടകര: കലാകാരന്മാര് ദേശഭേദങ്ങളില്ലാത്തവരാണെന്ന് പത്മശ്രീ കലാമണ്ഡലം ഗോപി പറഞ്ഞു. കൊടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേളകല സംഗീതസമിതിയുടെ പതിനഞ്ചാമത് വാര്‍ഷികാഘോഷവും സുവര്‍ണമുദ്ര സമര്പ്പണചടങ്ങും പൂനിലാര്‍ക്കാവ് ക്ഷേത്രമൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി പ്രസിഡന്റ്് പി.എം.നാരായണന് അധ്യക്ഷത വഹിച്ചു. എഴുത്തുകാരന് പായിപ്ര രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.
മേളകല സംഗീതസമിതിയുടെ ഈ വര്‍ഷത്തെ സുവര്‍ണമുദ്ര പുരസ്കാരം ചെണ്ടകലാകാരന്‍ വിജില്‍ മേനോന് കലാമണ്ഡലം ഗോപി സമ്മാനിച്ചു. മുടിയേറ്റ് കലാകരന് വാരണാട്ട് നാരായണകുറുപ്പ്, ചെണ്ടകലാകാരന്‍ പൈങ്കുളം പത്മനാഭന് നായര്‍ എന്നിവരെ പത്മശ്രീ പെരുവനം കുട്ടന്മാരാര് ആദരിച്ചു. ഡോക്ടറേറ്റ് നേടിയ വാദ്യകലാകാരനും അധ്യാപകനുമായ മ ൂര്ക്കനാട്ട് ദിനേശ് വാര്യരെ കവി പുഴങ്കര സച്ചിദാനന്ദന് ഉപഹാരം നല്കി അനുമോദിച്ചു.
തുടര്‍ന്ന് തിരുവല്ല രാധാകൃഷ്ണന് നയിച്ച ഗോപുരത്തിങ്കല്‍ പാണ്ടിമേളം അരങ്ങേറി.