അന്നനാട് ഗ്രാമീണ വായനശാലയിൽ "ആദരണീയം 2025' സംഘടിപ്പിച്ചു
1584746
Tuesday, August 19, 2025 1:18 AM IST
കാടുകുറ്റി: അന്നനാട് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ "ആദരണീയം - 2025' സംഘടിപ്പിച്ചു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും സമൂഹത്തിലെ വിവിധ തുറകളിൽ പ്രാഗത്ഭ്യം തെളിച്ചവരെയും ആദരിക്കാനാണ് "ആദരണീയം - 2025' സംഘടിപ്പിച്ചത്. തൃശൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. രാജേഷ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി.ആർ. ഭാസ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പ്രഥമ കെപിഎസി ലളിത കലാപ്രതിഭ പുരസ്കാരം, കാവാലം നാരായണപ്പണിക്കർ പുരസ്കാരം എന്നിവ നേടിയ ഉണ്ണികൃഷ്ണൻ അന്നനാടിനെയും 85-ാം വയസിലും ചിത്രകലയിലും, പെൻസിൽ കളറിംഗിലും കഴിവു തെളിയിച്ച കെ. സരസ്വതി അമ്മയെയും വായനപക്ഷാചരണത്തോടനുബന്ധിച്ച് നടന്ന വായനമത്സരത്തിൽ വിജയികളായ മത്സരാർഥികളെയും ചടങ്ങിൽ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് പി.സി. അയ്യപ്പൻ, രാഖി സുരേഷ്, മോളി തോമസ്, കെ.എൻ. രാജേഷ്, സി.ഡി. പോൾസൺ, ഗിരിജ ഉണ്ണി, സി.എ. ഷാജി, ഐ.ജയ, എം.എ. നാരായണൻ മാസ്റ്റർ, ഗോകുൽ ഗോപി എന്നിവർ പ്രസംഗിച്ചു.