കുടിവെള്ളംമുടക്കി റോഡുപണി; പ്രതിഷേധിച്ച് നാട്ടുകാർ
1583981
Friday, August 15, 2025 1:17 AM IST
എരുമപ്പെട്ടി: റോഡ് നിർമാണപ്രവർത്തനങ്ങൾക്കിടയിൽ എരുമപ്പെട്ടി കോട്ടപ്പുറം ചേങ്ങോട് കുടിവെള്ളപദ്ധതിയുടെ പൈപ്പുകൾ വ്യാപകമായി തകർത്തു. പൊട്ടിയ പൈപ്പുകൾ മാറ്റാൻ തയാറാകാത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
എരുമപ്പെട്ടി പഞ്ചായത്തിലെ 15-ാം വാർഡിൽ നൂറുകുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കോട്ടപ്പുറം ചേങ്ങോട് കുടിവെള്ള പദ്ധതിയുടെ പൈപ്പുകളാണു വ്യാപകമായി തകർത്തിട്ടുള്ളത്. റോഡ് വീതികൂട്ടി നിർമിക്കുന്നതിനുവേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾക്കിടയിലാണു പൈപ്പുകൾ പൊട്ടിയത്.
ഇതിനെ തുടർന്ന് ദിവസങ്ങളോളമായി കുടിവെള്ളവിതരണം മുടങ്ങിയ അവസ്ഥയാണ്. പൊട്ടിയ പൈപ്പുകൾ മാറ്റിസ്ഥാപിക്കുവാനും അറ്റകുറ്റപ്പണികൾ നടത്തുവാനും ഗുണഭോക്താക്കൾ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിലും പൊതുമരാമത്തുവകുപ്പിലും കരാറുകാരനോടും നിരന്തരം അഭ്യർഥന നടത്തുന്നുണ്ടെങ്കിലും ഇത് തങ്ങളുടെ ഉത്തരവാദിത്വമല്ല എന്നുപറഞ്ഞ് ഇവർ കൈ യൊഴിയുകയാണ്. ഗുണഭോക്താക്കൾ പണം ഉപയോഗിച്ച് പൈപ്പുകൾ മാറ്റണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നത്. ഇതിന് ഏകദേശം ഒരു ലക്ഷം രൂപ ചെലവുവരുമെന്ന് ഗുണഭോക്താക്കൾ അറിയിച്ചു.
കഴിഞ്ഞ നവംബർ മാസം മുതൽ ഇത്തരത്തിൽ പൈപ്പുകൾ പൊട്ടിക്കുന്നതു പതിവായിരിക്കുകയാണ്. ഗുണഭോക്താക്കൾ കൈയിൽനിന്ന് പണമെടുത്താണ് അറ്റകുറ്റപ്പണികൾ നടത്തിയതെന്നും പൊട്ടിയ പൈപ്പുകൾമാറ്റി സ്ഥാപിക്കാൻ പഞ്ചായത്ത് അധികൃതർ ഇടപെടണമെന്നും ഗുണഭോക്താക്കൾ ആവശ്യപ്പെട്ടു. പ്രതിഷേധത്തിനു പ്രസിഡന്റ്് വി.ഡി. തോമസ്, സെക്രട്ടറി കെ.എസ്. സുരേഷ്, മെമ്പർ വി.ജെ. ജെയ്സൺ എന്നിവർ നേതൃത്വം നൽകി.