ശ്രീനാഥ് കൊലക്കേസ് പ്രതി 22 വർഷങ്ങൾക്കുശേഷം അറസ്റ്റിൽ
1583976
Friday, August 15, 2025 1:17 AM IST
കയ്പമംഗലം: ചാമക്കാല സ്വദേശി ശ്രീനാഥിനെ (22) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ 22 വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്തു. കയ്പമംഗലം കൂരിക്കുഴി സ്വദേശി പാണ്ടികപറമ്പിൽ വീട്ടിൽ അജയ (അജി - 45) നെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബംഗളൂരു വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തത്.
ശ്രീനാഥും സുഹൃത്തും ചേർന്നു റെജിയെ മർദിച്ചെന്നു ആരോപിച്ചാണ് 2003 ഡിസംബർ 19ന് ചാമക്കാല ഹൈസ്കൂൾ പരിസരത്തുവച്ച് ശ്രീനാഥിനെ ആക്രമിക്കുന്നത്. ഏഴംഗ ഗുണ്ടാസംഘം ക്രൂരമായ മർദനത്തിനുശേഷം വടിവാൾ കൊണ്ടു വെട്ടിപ്പരിക്കേൽപിച്ചശേഷം എടുത്തുകൊണ്ട് പോയി സമീപത്തെ തോട്ടിൽ മുക്കിക്കൊല്ലുകയായിരുന്നു.
അജയൻ ദുബായിൽ നിന്നും രഹസ്യമായി ബംഗളൂരു കെമ്പഗൗഡ വിമാനത്താളവളത്തിൽ വന്നിറങ്ങിയപ്പോൾ എയർപോർട്ട് അധികൃതർ എൽഒസി പ്രകാരം തടഞ്ഞ് വയ്ക്കുകയായിരുന്നു. തുടർന്ന് വിവരം ജില്ലാ പോലീസ് മേധാവിയെ അറിയിച്ചത് പ്രകാരമാണ് ബംഗളൂരുവിൽ ചെന്ന് തൃശൂർ റൂറൽ ജില്ലാ പൊലീസ് സംഘം അജയനെ അറസ്റ്റ് ചെയ്തത്. മതിലകം സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി, സബ് ഇൻസ്പെക്ടർ പ്രദീപൻ, എഎസ്ഐ വിനയൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.