പെൻഷനേഴ്സ് യൂണിയൻ ധർണ നടത്തി
1583443
Wednesday, August 13, 2025 1:29 AM IST
പള്ളിവളവ്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മതിലകം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. പിഎഫ്, ആർഡിഎ നിയമം പിൻവലിച്ച് സ്റ്റ്യാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, പെൻഷൻ പരിഷ്കരണനടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
പെരിഞ്ഞനം സെന്ററിൽനടന്ന ധർണ പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് ഉദ്ഘാടനംചെയ്തു. കെഎസ്എസ്പിയു ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.കെ. ശങ്കു അധ്യക്ഷതവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ആന്റണി ജോസഫ് മുഖ്യപ്രഭാഷണംനടത്തി. ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ കെ.യു. സുബ്രഹ്മണ്യൻ, എ. പവിഴം, വി.കെ. അശോകൻ, ടി.സി. കലാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചാലക്കുടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സബ്ട്രഷറിക്കുമുമ്പിൽ മാർച്ചും ധർണയുംനടത്തി.
മുനിസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ ഉദ്ഘാടന ചെയ്തു. യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് എം.പി. ജോർജ് അധ്യക്ഷതവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ടി.എം. യോഹന്നാൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി എം.എ. നാരായണൻ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം പി.വി. രാധാമണി, ട്രഷറർ പി.എൻ. ജോർജ്, പി.എ. സുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. ചാലക്കുടി സൗത്ത് ജംഗ്ഷനിൽനിന്നു ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് സർവീസ് പെൻഷൻകാർ പങ്കെടുത്തു.