കലാമുത്തുകളെ വരവേൽക്കാൻ ഒരുങ്ങി തൃശൂർ
1583448
Wednesday, August 13, 2025 1:29 AM IST
തൃശൂർ: കലയുടെ തങ്കക്കിരീടം ചൂടിയ തൃശൂരിന്റെ മണ്ണിലേക്കു വിരുന്നെത്തുന്ന 64-ാമതു സംസ്ഥാന സ്കൂൾ കലോത്സവത്തെ വരവേൽക്കാൻ സാംസ്കാരികനഗരി ഒരുങ്ങി. കഴിഞ്ഞവര്‍ഷം സംസ്ഥാന കലോത്സവത്തില്‍ സ്വർണക്കപ്പ് നേടിയതു തൃശൂരായിരുന്നു.
പൂരനഗരിയുടെ താളാവേശത്തോടെ ചെണ്ടമേളവും ചടുലനൃത്തച്ചുവടുകളുമായി സുംബ ഡാൻസും കേരളീയനൃത്തവും നാടൻകലാവതരണങ്ങളും ബാൻഡ് വാദ്യവുമൊരുക്കിയാണ് വിദ്യാർഥികൾ കലോത്സവം സ്വാഗതസംഘം രൂപീകരണയോഗത്തെ വരവേറ്റത്.
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, ജില്ലയിലെ മറ്റു മന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയ ജനപ്രതിനിധികളടക്കം അധ്യാപകരും സാംസ്കാരികനായകരും ജനപ്രതിനിധികളുമടങ്ങുന്ന ആയിരത്തോളംപേർ കോർപറേഷൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സ്വാഗതസംഘം രൂപീകരണയോഗത്തിൽ പങ്കെടുത്തു.
കാൽഡിയൻ സ്കൂൾ വിദ്യാർഥികൾ ഗാർഡ് ഓഫ് ഓണർ നല്‍കിയാണു യോഗത്തിലേക്കു മന്ത്രിമാരെയും ജനപ്രതിനിധികളെയും സ്വീകരിച്ചത്.
ചേർപ്പ് സിഎൻഎൻ സ്കൂൾ വിദ്യാർഥികൾ ചെണ്ടമേളവും കുരിയച്ചിറ സെന്റ് ജോസഫ്സ് സ്കൂൾ വിദ്യാർഥികൾ കേരളീയനൃത്തവും ബാൻഡ് മേളവും ഹോളിഫാമി സ്കൂൾ വിദ്യാർഥികൾ നാടൻപാട്ടും അവതരിപ്പിച്ചു.
മുൻ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ എഴുതിയ വിരുന്നുവന്നൂ വസന്തകാലം വിരുന്നൊരുക്കും കാലം... കലയുടെ വിരുന്നൊരുക്കും കാലം..എന്നു തുടങ്ങുന്ന സ്വാഗതഗാനാലാപനത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾക്കു തുടക്കമിട്ടത്.