ശ്രീനാരായണപുരം മേഖലയിൽ ക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
1583218
Tuesday, August 12, 2025 2:03 AM IST
ശ്രീനാരായണപുരം: ശ്രീനാരായണപുരം മേഖലയിൽ ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണവും മോഷണ ശ്രമവും. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ശ്രീനാരായണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ദണ്ഡാരം കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.
എസ്എൻഡിപി യോഗത്തിനു കീഴിലുള്ള അഞ്ചാംപരത്തി ഉമാമഹേശ്വര ക്ഷേത്രത്തിൽ മോഷണശ്രമം നടന്നു. ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽനിന്നും ഏഴായിരം രൂപയോളം നഷ്ടപ്പെട്ടതായാണ് ക്ഷേത്രം അധികൃതർ നൽകുന്ന വിവരം.
ക്ഷേത്രത്തിനുപുറത്ത് വഴിയരികിൽ ഭണ്ഡാരത്തിൽ സ്ഥാപിച്ചിരുന്ന താഴ് തല്ലിത്തകർത്താണു പണം മോഷ്ടിച്ചത്. ക്ഷേത്രത്തിന് അകത്തുള്ള നാഗ ദൈവങ്ങളുടെ ഭണ്ഡാരവും തുറക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. ഇന്നലെ രാവിലെയാണ് മോഷണവിവരം അറിയുന്നത്. മതിലകം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഉമാമഹേശ്വര ക്ഷേത്രത്തിലെ ഭണ്ടാരങ്ങൾ കഴിഞ്ഞ ദിവസമാണ് തുറന്ന് എണ്ണി തിട്ടപ്പെടുത്തിയത്. ഈ ക്ഷേത്രത്തിൽ മോഷ്ടാവ് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്.
ഇദ്ദേഹം തന്നെയാണു ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞയാഴ്ച പെരിഞ്ഞനം കൊറ്റംകുളം പടിഞ്ഞാറ് വശത്തുള്ള ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. ഈ കേസിൽ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.