ഉദ്യോഗാർഥികൾക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പരിശീലനം നൽകും: മന്ത്രി ശിവൻകുട്ടി
1583453
Wednesday, August 13, 2025 1:29 AM IST
തൃശൂർ: തൊഴിൽമേഖലയ്ക്കനുസരിച്ച് ഉദ്യോഗാർഥികൾക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന പരിശീലനം നൽകാൻ പദ്ധതി ആവിഷ്കരിക്കുമെന്നും സ്മാർട്ട് കാർഡ് വിതരണം സമയബന്ധിതമായി പൂർത്തിയാക്കാൻ എംപ്ലോയ്മെന്റ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി വി. ശിവൻകുട്ടി. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ മോഡൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചായി പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ രണ്ടാമത്തെ മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചാണു തൃശൂരിലേത്.
സംസ്ഥാനത്ത് ആദ്യമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നടപ്പാക്കുന്ന സ്മാർട്ട് കാർഡ് വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. രജിസ്ട്രേഷൻ ചെയ്ത എല്ലാവർക്കും സ്മാർട്ട് കാർഡ് നല്‍കുന്നതാണു പദ്ധതി. സ്മാർട്ട് കാർഡുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഉദ്യോഗാർഥികൾക്ക് അവരുടെ പ്രൊഫൈൽ കാണാം. കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാനും എളുപ്പത്തിൽ കൈകാര്യം ചെയ്യാനും ഈ കാർഡുകൾ സഹായിക്കും. കൂടാതെ വകുപ്പിന്റെ ഓണ്‍ലൈൻ പോർട്ടലിൽനിന്നു നേരിട്ടുവിവരങ്ങൾ പ്രിന്റ് ചെയ്യാൻ സാധിക്കുന്നതിനാൽ വിവരങ്ങളുടെ കൃത്യതയും ഉറപ്പാക്കാൻ കഴിയും.
എംപ്ലോയ്മെന്റ് ഡയറക്ടർ സൂഫിയാൻ അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് മുഖ്യപ്രഭാഷണം നടത്തി.
കോർപറേഷൻ കൗണ്‍സിലർ റെജി ജോയ്, എംപ്ലോയ്മെന്റ് ജോയിന്റ് ഡയറക്ടർ പി.കെ. മോഹൻദാസ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ആർ. അശോകൻ എന്നിവർ പ്രസംഗിച്ചു.