മുരളീധരനെ തോല്പിച്ചതു പ്രതാപൻ; വള്ളൂരിനെ ബലിയാടാക്കി: പി. യതീന്ദ്രദാസ്
1583451
Wednesday, August 13, 2025 1:29 AM IST
തൃശൂർ: രാഹുൽഗാന്ധി ഉയർത്തിയ വെളിപ്പെടുത്തലിന്റെ മറവിൽ ബിജെപി വിജയത്തിന് ഉത്തരവാദികളായ കോണ്‍ഗ്രസ് നേതാക്കൾക്കു രക്ഷപ്പെടാൻ കഴിയില്ലെന്നു ഡിസിസി മുൻ ജനറൽ സെക്രട്ടറി പി.
യതീന്ദ്രദാസ്.
കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കുന്നതിനുവേണ്ടിയാണ് വടകരയിലെ ഉറച്ച സീറ്റ് ഉപേക്ഷിച്ച് കെ. മുരളീധരൻ തൃശൂരിലേക്കു മത്സരിക്കാൻ വന്നത്.
ആ മുരളീധരൻ പരസ്യമായി തന്നെ കോണ്‍ഗ്രസ് നേതാക്കൾ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്നുപറഞ്ഞ് പലരുടെയും പേരുകൾ ചൂണ്ടിക്കാട്ടിയിരുന്നു. കെപിസിസി അന്വേഷണ കമ്മീഷൻ കോണ്‍ഗ്രസ് നേതാക്കളുടെ വീഴ്ച ചൂണ്ടിക്കാട്ടി റിപ്പോർട്ടും നൽകിയിട്ടും ഡിസിസി പ്രസിഡന്റ് ആയിരുന്ന ജോസ് വള്ളൂരിനെക്കൊണ്ട് രാജിവയ്പിച്ചതൊഴിവാക്കിയാൽ മറ്റെന്തു നടപടിയാണ് നേതൃത്വം സ്വീകരിച്ചതെന്നു യതീന്ദ്രദാസ് ചോദിച്ചു.
കോണ്‍ഗ്രസ് പരാജയത്തിലും ബിജെപി വിജയത്തിലും പ്രധാന ഉത്തരവാദിയായ അന്നത്തെ എംപിക്കെതിരേ നടപടി എടുത്തില്ലെന്നു മാത്രമല്ല, ജില്ലയിലെ കോണ്‍ഗ്രസിനെ മൊത്തം അദൃശ്യമായി നയിക്കുന്ന ചുമതല നൽകിയിരിക്കുകയുമാണ്.
മുരളീധരന്റെ തോൽവിയിൽ എല്ലാവരും ജോസ് വള്ളൂരിനെ പഴിക്കുന്പോഴും ആ തോൽവിയുടെ പിറകിൽ പ്രതാപനായിരുന്നു.
തൃശൂരിലെ ഫ്ലാറ്റുകളും മറ്റും കേന്ദ്രീകരിച്ച് വ്യാജവോട്ടുകൾ ചേർക്കുന്നതായി തെരഞ്ഞെടുപ്പുകാലത്തുതന്നെ ഊഹാപോഹങ്ങൾ ഉയർന്നപ്പോഴും നാട്ടികയിൽ ഇത്തരം വോട്ടുകൾ കൂടുതലായി ചേർക്കുന്നുവെന്നറിഞ്ഞിട്ടും നടപടി സ്വീകരിക്കാൻ നേതൃത്വം തയാറായില്ല.
സംഘപരിവാർ സംഘടനകളുമായി പരസ്യമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ പലരും പാർട്ടിയുടെ ഭാരവാഹികളായി തുടരുകയാണ്. തന്റെ ഈ പ്രതികരണം സാധാരണക്കാരനായ ഓരോ പാർട്ടിപ്രവർത്തകനുംവേണ്ടിയുള്ളതാണെന്നും യതീന്ദ്രദാസ് പറഞ്ഞു.