പേറ്റന്റുകൾ ആർജിച്ചെടുക്കാൻ കോളജിനു കഴിയണം: മന്ത്രി
1583221
Tuesday, August 12, 2025 2:03 AM IST
തൃശൂർ: ഗവേഷണപ്രവർത്തനങ്ങളിലൂടെ പേറ്റന്റുകൾ ആർജിച്ചെടുക്കാനും നൂതന സാങ്കേതികവിദ്യകൾ സൃഷ്ടിക്കാനും കേരളവർമ കോളജിനു കഴിയണമെന്നു മന്ത്രി ആർ. ബിന്ദു. കോളജിൽ പുതുതായി നിർമിച്ച പിജി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അവർ. ഗവേഷണത്തിനായി നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചു. ഗവേഷണം, ഉന്നതവിദ്യാഭ്യാസരംഗത്തെ പരിശീലനം എന്നിവയ്ക്കായി ഏഴു മികവിന്റെ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മുഴുവൻ കോളജുകളിലും മൂന്നുവർഷം കഴിയുന്പോൾ ബിരുദംനേടി പുറത്തിറങ്ങാനും താത്പര്യമുള്ളവർക്കു നാലാംവർഷം ക്യാപ്സ്റ്റോണ്‍ പ്രോജക്ടുള്ള ഓണേഴ്സ് ബിരുദം നേടാനും ഗവേഷണത്തിൽൽ താൽപര്യമുള്ളവർക്ക് ഓണേഴ്സിനൊപ്പം റിസർച്ച് ബിരുദം നേടാനും കഴിയുന്ന തരത്തിലുള്ള നാലുവർഷപദ്ധതി വിജയകരമായി നടപ്പാക്കി. അധ്യാപനകാലത്തിനുശേഷം സർക്കാരിൽനിന്നു ലഭിച്ച വിരമിക്കൽ ആനുകൂല്യത്തിൽനിന്നു രണ്ടുലക്ഷം രൂപയും കോളജിനു മന്ത്രി കൈമാറി.
മന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗവും കോളജിലെ പൂർവവിദ്യാർഥിയുമായിരുന്ന സന്ദേശിന്റെ സ്മരണാർഥം മികവു പുലർത്തുന്ന വിദ്യാർഥിക്ക് ഈവർഷം മുതൽ സ്റ്റുഡന്റ് ഓഫ് ദി ഇയർ പുരസ്കാരം നൽകും. കോളജ് ചെയർപേഴ്സണും കലാകാരിയുമായ ഗോപിക നന്ദനെ ആദ്യ അവാർഡ് ജേതാവായി തെരഞ്ഞെടുത്തു.
ചടങ്ങിൽ മന്ത്രി കെ. രാജൻ, പി. ബാലചന്ദ്രൻ എംഎൽഎ എന്നിവർ പങ്കെടുത്തു.
14.3 കോടി ചെലവിട്ടാണു കിഫ്ബി ധനസഹായത്തോടെ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. മൂന്നു നിലകളിലായി വിശാലമായ ക്ലാസ് മുറികൾ, ആധുനികസൗകര്യങ്ങളോടുകൂടിയ ലാബുകൾ തുടങ്ങിയവ പുതിയ ബ്ലോക്കിലുണ്ട്.