മോദി ഭരണഘടനയുടെ ആത്മാവ് തകർത്തു: ബെന്നി ബഹനാൻ എംപി
1583967
Friday, August 15, 2025 1:17 AM IST
തൃശൂർ: പൗരവകാശത്തിന്റെ രജതരേഖയായ വോട്ടർപട്ടിക ക്രമക്കേടിലൂടെ മോദി ഭരണഘടനയുടെ ആത്മാവ് തകർത്തെന്നു കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ബെന്നി ബഹനാൻ എംപി പറഞ്ഞു. വോട്ടുകൊള്ളയ്ക്കെതിരേ പോരാടുന്ന രാഹുൽ ഗാന്ധിയെ പിന്തുണച്ചു നഗരത്തിൽ നടത്തിയ ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോപണങ്ങൾക്കു വസ്തുതാപരമായി മറുപടി പറയാതെ ചട്ടങ്ങൾ പറഞ്ഞു തെറ്റിനെ ന്യായീകരിക്കുകയാണു തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്നത്. കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. പരാജയത്തിന്റെ പേരിലല്ല ജനാധിപത്യത്തിനുവേണ്ടിയാണ് കോൺഗ്രസ് സമരരംഗത്തുള്ളതെന്നും ബെന്നി ബഹനാൻ കൂട്ടിച്ചേർത്തു.
ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, സന്ദീപ് വാര്യർ, അനിൽ അക്കര, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ചാലിശേരി, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ജോൺ ഡാനിയൽ, എ. പ്രസാദ് തുടങ്ങിയവർ നേതൃത്വം നല്കി.
നടുവിലാൽ പരിസരത്തുനിന്ന് ആരംഭിച്ച പന്തംകൊളുത്തി പ്രകടനം കോർപറേഷൻ ഓഫീസിനുമുന്നിൽ സമാപിച്ചു. തുടർന്നു മെഴുകുതിരി കത്തിച്ച് രാഹുൽഗാന്ധിയുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.