വേലൂപ്പാടം ഊട്ടുതിരുനാള് 14, 15 തീയതികളില്‍
1583440
Wednesday, August 13, 2025 1:29 AM IST
പുതുക്കാട്: വേലൂപ്പാടം വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ഥാടനകേന്ദ്രത്തിലെ 55-ാമത് ഊട്ടുതിരുനാള് നാളെയും മറ്റന്നാളും ആഘോഷിക്കുമെന്നു ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാളെ രാവിലെ കൂടുതുറക്കല്, രൂപം എഴുന്നള്ളിപ്പ്, പ്രസുദേന്തിവാഴ്ച, പ്രദക്ഷിണം എന്നിവ നടക്കും. ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ കാര്‍മികത്വം വഹിക്കും.
തിരുനാള്‍ദിനത്തില്‍ രാവിലെ നടക്കുന്ന കുര്‍ബാനയ്ക്ക് ജെറുസലേം ധ്യാനകേന്ദ്രം സ്ഥാപക ഡയറക്ടര്‍ ഫാ. ഡേവിസ് പട്ടത്ത് കാര്‍മികത്വം വഹിക്കും. ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാനയ്ക്ക് തൃശൂര്‍ അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ഫ്രാന്‍സിസ് വാഴപ്പിള്ളി തിരുനാള്‍ സന്ദേശം നല്‍കും.
തിരുനാളിനോടനുബന്ധിച്ച് നിര്‍ധനകുടുംബത്തിന് നിര്‍മിച്ചുനല്‍കുന്ന കാരുണ്യഭവനത്തിന്റെ കട്ടിള വെഞ്ചരിപ്പ് വെള്ളിയാഴ്ച രാവിലെ ഫാ. ഡേവീസ് പട്ടത്ത് നിര്‍വഹിക്കും. വികാരി ഫാ. ഡേവിസ് ചെറയത്ത്, കൈക്കാരന് പോള്‍ മഞ്ഞളി, പബ്ലിസിറ്റി കണ്‍വീനര്‍ ജേക്കബ് നടുവില്‍പീടിക, പിആര്‍ഒ ബൈജു വാഴക്കാല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.