ഐഎൻടിയുസിയുടെ പരിപാടിയിൽ പങ്കെടുക്കാതെ വി.ഡി. സതീശൻ
1583969
Friday, August 15, 2025 1:17 AM IST
തൃശൂർ: ഐഎൻടിയുസിയുടെ ജനറൽ കൗണ്‍സിൽ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അവസാനനിമിഷം പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങി. ടൗണ്‍ഹാളിലെ സമ്മേളനസ്ഥലത്തേക്കുള്ള യാത്രാമധ്യേയാണു മടക്കം. ചടങ്ങിലേക്കു ഡിസിസി പ്രസിഡന്റിനെ ക്ഷണിച്ചില്ലെന്നതാണു കാരണമെന്നാണു വിവരം. ഐഎൻടിയുസി സംസ്ഥാനപ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ബഹിഷ്കരിച്ചതു വരുംദിവസങ്ങളിലും വിവാദമായേക്കും.
ഡിസിസി പ്രസിഡന്റ് വിലക്കിയതുകൊണ്ടാണു പ്രതിപക്ഷനേതാവ് പരിപാടിയിൽനിന്നു വിട്ടുനിന്നതെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി യോഗത്തിൽ തുറന്നടിച്ചു.
ഇത് ഐഎൻടിയുസിയുടെ പരിപാടിയാണ്. മറ്റാളുകളെ കോലംകെട്ടി കൊണ്ടിരുത്തേണ്ട വേദിയല്ല. നാട്ടിലെ ഒരുപാടാളുകളെ വേദിയിലിരുത്തി മാലയിട്ടു സ്വീകരിക്കാൻ സൗകര്യമില്ല. കോണ്‍ഗ്രസിന്റെ പരിപാടിയിൽ ഞങ്ങളൊക്കെ സദസിലാണ് ഇരുന്നത്. ഇവിടെയിരിക്കുന്നതു ചുമട്ടുതൊഴിലാളികളാണ്. ഓട്ടോറിക്ഷക്കാരുടെ പരിപാടി അവർക്കു മാത്രമായി നടത്തുന്നതാണ്. ഇതാണു സംഘടനാരീതി.
കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പരിപാടി ഇതേ വേദിയിൽ നടന്നു. അന്നും തനിക്കും മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനും ടി.എൻ. പ്രതാപനും വേദിയിൽ സീറ്റു കിട്ടിയില്ല. ഇവിടെയിരിക്കുന്നു എന്നതാണു ഞങ്ങളുടെ മഹത്വം. ഇതെല്ലാം പറഞ്ഞതുകൊണ്ട് എന്റെ സംഘടനാപദവികൾ തെറിക്കുമായിരിക്കും.
അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്ക് തെറിക്കട്ടെ. ജില്ലയിൽ ഐഎൻടിയുസി സംഘടിപ്പിച്ച ചില പരിപാടികളോട് ഡിസിസി പ്രസിഡന്റ് നിഷേധാത്മകമായാണു പെരുമാറിയത്. അദ്ദേഹത്തിനു ഫോട്ടോ മാനിയയാണ്. നമ്മുടെ പരാതികൾ കേൾക്കാനെത്തുന്നവരെ മുടക്കുന്നവർ ഈ പാർട്ടിക്ക് എത്ര ഗുണം ചെയ്യുമെന്നുമെന്നു തിരിച്ചറിയണം- സുന്ദരൻ കുന്നത്തുള്ളി പറഞ്ഞു.
കഴിഞ്ഞദിവസം ഡിസിസി ഓഫീസിൽ പ്രസിഡന്റ് ജോസഫ് ടാജറ്റും സുന്ദരൻ കുന്നത്തുള്ളിയുമായി വാക്കേറ്റമുണ്ടായെന്നും ഇതിന്റെ ബാക്കിപത്രമാണ് നടന്നതെന്നുമാണു വിവരം. നടുവേദനയുടെ പേരിൽ ജനകീയസമരങ്ങൾക്കു ടാജറ്റ് നേതൃത്വം നൽകുന്നില്ലെന്നായിരുന്നു കുന്നത്തുള്ളിയുടെ വിമർശനം.