കുന്നംകുളം പന്തല്ലൂരിൽ മിന്നൽ ചുഴലി: വൻനാശനഷ്ടം
1583965
Friday, August 15, 2025 1:17 AM IST
കുന്നംകുളം: ചൊവ്വന്നൂരിനടുത്ത് പന്തല്ലൂരിൽ ഇന്നലെ രാവിലെ ശക്തമായ മിന്നൽചുഴലി. രാവിലെ ഒമ്പതരയോടെയാണ് ചെറിയ മഴയോടുകൂടിയ ശക്തമായ കാറ്റ് പന്തല്ലൂരിൽ ആഞ്ഞുവീശിയത്. മെയിൻ റോഡിൽ നിന്ന് പന്തല്ലൂർ ക്ഷേത്രത്തിലേക്കു പോകുന്ന വഴിയിലാണ് മിന്നൽചുഴലി ഉണ്ടായത്.
ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞുവീഴുകയും പറമ്പുകളിലെ നിരവധി തെങ്ങുകളും മരങ്ങളും വീഴുകയും ചെയ്തിട്ടുണ്ട്. പെട്ടെന്നുണ്ടായ ശക്തമായ കാറ്റ് അഞ്ചുമിനിറ്റോളം നീണ്ടുനിന്നു.
ഇതിനിടയിലാണ് നാശനഷ്ടങ്ങൾ ഉണ്ടായത്. പന്തല്ലൂർ സ്വദേശി സൈമൺ എന്നയാളുടെ ഓട്ടോറിക്ഷയുടെ മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞുവീണു. ഇയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. സ്കൂൾ കുട്ടികളും, വാഹനങ്ങളും ഉൾപ്പെടെ നിരവധി ആളുകൾ സഞ്ചരിക്കുന്ന വഴിയാണിത്. സ്കൂൾ വാഹനങ്ങളുടെ സമയത്തിനു ശേഷമാണ് കാറ്റ് ഉണ്ടായതിനാൽ വൻ ദുരന്തമാണ് ഒഴിഞ്ഞത്. സംഭവത്തിൽ ആർക്കും പരിക്കില്ല.