ഗുരുവായൂരില്‍ ചിങ്ങമഹോത്സവത്തിനു കൊടിയേറി; 251 പേരുടെ മഞ്ജുളാല്‍ത്തറമേളം 17ന്
1583736
Thursday, August 14, 2025 1:28 AM IST
ഗുരുവായൂര്‍: പൊന്നിന് ചിങ്ങമാസത്തെ വരവേല്‍ക്കാനായി പുരാതന തറവാട്ടു കൂട്ടായ്മയുടെ നേതൃത്വത്തില്‍ 17ന് നടക്കുന്ന ചിങ്ങമഹോത്സവത്തിനു കൊടിയേറി. മഞ്ജുളാലിനുസമീപം ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കൊടിയേറ്റം നിർവഹിച്ചു. മേള പ്രമാണി ഗുരുവായൂർ ജയപ്രകാശിന്റെ കേളികൊട്ട് അകമ്പടിയായി.
തുടര്‍ന്ന് വിവിധ സമുദായാചാര്യന്മാര് ചേര്‍ന്ന് സമുദായ സമന്വയ ദീപസമര്‍പ്പണം നടത്തി.ചിങ്ങമഹോത്സവത്തിന്റെ ഭാഗമായി 17ന് ഉച്ചതിരിഞ്ഞ് മൂന്നിന് 251 കലാകാരന്മാര് അണിനിരക്കുന്ന മഞ്ജുളാല്‍ത്തറമേളം നടക്കും. തുടര്‍ന്ന് സന്ധ്യയോടെ മഞ്ജുളാലില്‍നിന്ന് ഗുരുവായൂര്‍ ക്ഷേത്രസന്നിധിയിലേക്കു പഞ്ചവാദ്യത്തിന്റെ അകമ്പടിയില്‍ ഭജനഘോഷയാത്രയാണ്. ഘോഷയാത്ര സമാപിച്ചാല്‍ ക്ഷേത്രത്തിനു മുന്നിലെ കിഴക്കേ ദീപസ്തംഭത്തിനു മുന്നില്‍ ഐശ്വര്യ വിളക്ക് സമര്‍പ്പണം നടക്കും. 500 വിളക്കുകളാണ് സമര്‍പ്പിക്കുന്നത്.
ഭാരവാഹികളായ കെ.ടി. ശിവരാമന്നായര്, അനില്‍ കല്ലാറ്റ്, രവി ചങ്കത്ത്, ബാലന് വാറണാട്ട്, ശ്രീധരൻ മാമ്പുഴ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.