മാള പള്ളിപ്പുറം തീർഥാടനകേന്ദ്രം ശതാബ്ദിനിറവിൽ
1583743
Thursday, August 14, 2025 1:28 AM IST
മാള: മാളപള്ളിപ്പുറം വിശുദ്ധ അന്തോണീസിന്റെ തീർഥാടന കേന്ദ്രത്തിന്റെ ശതാബ്ദി വിളംബരം നാളെ നടക്കും. രാവിലെ 6.30ന് ദിവ്യബലി, തുടർന്ന് പതാക ഉയർത്തൽ. 3.30ന് തുരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ ശതാബ്ദി വിളംബര ദീപശിഖ കൈമാറ്റം ഫൊറോന വികാരി ഫാ. ജോസഫ് നിർവഹിക്കും.
വചന ഗ്രന്ഥ പ്രയാണത്തിന്റെ ഉദ്ഘാടനം ഫാ. ജോയ് സ്രാബിക്കൽ നിർവഹിക്കും. തുടർന്ന് നൂറിലേറെ വാഹനങ്ങളുടെ അകമ്പടിയോടെ ശതാബ്ദി വിളംബരപ്രയാണം ആരംഭിച്ച് മാളപള്ളിപ്പുറം തീർഥാടന കേന്ദ്രത്തിൽ എത്തിച്ചേരും. കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ശതാബ്ദി പ്രയാണങ്ങൾ സ്വീകരിച്ച് സന്ദേശം നൽകും. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 2026ലെ തിരുനാൾ പ്രസുദേന്തിമാർ നിർമിച്ചു നൽകുന്ന വീടിന്റെ ശില ബിഷപ് കൈമാറും. വൈകീട്ട് 6.30ന് നടക്കുന്ന ദിവ്യബലിയിൽ മോൺ. ഫ്രാൻസിസ്കോ പടമാടൻ മുഖ്യകാർമികനാകും.
മോൺ. റോക്കി റോബിൻ കളത്തിൽ വചനപ്രഘോഷണം നടത്തും. തുടർന്ന് നൊവേന, ആരാധന, നേർച്ച ഭക്ഷണ വിതരണം, മ്യൂസിക്കൽ നൈറ്റ് എന്നിവ നടക്കും.
തുരുത്തിപ്പുറം ഇടവകയുടെ കീഴിൽ കുരിശുപള്ളിയായിരുന്ന സെന്റ് ആന്റണീസ് ദേവാലയം 1926 ലാണ് അന്നത്തെ വരാപ്പുഴ ആർച്ച് ബിഷപ്പ് എയ്ഞ്ചൽ മേരി മെത്രാപ്പോലീത്ത സ്വതന്ത്ര ഇടവകയായി പ്രഖ്യാപിച്ചത്. ആഘോഷപരിപാടികൾ വിശദീകരിച്ച പത്രസമ്മേളനത്തിൽ വികാരി ഫാ. പോൾ തോമസ് കളത്തിൽ, കൈക്കാരൻ ബെന്നി ചക്കാലക്കൽ, ജനറൽ കൺവീനർ വിൽഫ്രഡ് പുതുവന, സി.ടി. ഡെന്നി , സി.ജെ. തോമസ്, സി.ഒ. ജോസ് എന്നിവർ പങ്കെടുത്തു.