സംസ്ഥാനത്തു പശ്ചാത്തലമേഖലയില്‍ വലിയ കുതിപ്പ്: മന്ത്രി മുഹമ്മദ് റിയാസ്
1583445
Wednesday, August 13, 2025 1:29 AM IST
ഇരിങ്ങാലക്കുട: സംസ്ഥാനത്ത് പശ്ചാത്തലമേഖലയില്‍ വലിയ കുതിപ്പാണ് നടക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന മാപ്രാണം - നന്തിക്കര റോഡിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള അറുപതുശതമാനം റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് മാറ്റാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കെ.കെ. രാമചന്ദ്രന് എംഎല്‍എ മുഖ്യാതിഥിയായി. മാപ്രാണം ജംഗ്ഷനില്നടന്ന ചടങ്ങില്‍ മന്ത്രി ആര്. ബിന്ദു അധ്യക്ഷതവഹിച്ചു.
ഇരിങ്ങാലക്കുട - പുതുക്കാട് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് 16.63 കോടി രൂപ ചെലവഴിച്ച് നബാര്‍ഡ് ട്രാഞ്ചേ 28ല്‍ ഉള്‍പ്പെടുത്തിയാണ് പുനരുദ്ധാരണം പൂര്‍ത്തീകരിച്ചത്. മാപ്രാണം മുതല്‍ നന്തിക്കരവരെ5.50 മീറ്റര്‍ വീതിയുണ്ടായിരുന്ന റോഡ് ഏഴുമീറ്റര്‍ മുതല്‍ ഒമ്പതുമീറ്റര്വരെ വീതികൂട്ടുകയും ആവശ്യമായ സ്ഥലങ്ങളില്‍ ഉയര്‍ത്തിയുമാണ് അത്യാധുനികരീതിയില്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ പുനര്‍നിര്‍മിച്ചത്. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, തൃശൂര്‍ നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സി. രാകേഷ്, ഇരിങ്ങാലക്കുട നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.പി. റാബിയ എന്നിവര്‍ പങ്കെടുത്തു.