ജനാധിപത്യം അട്ടിമറിക്കാനുള്ള ശ്രമങ്ങൾ പ്രതിരോധിക്കണം: വി.ഡി. സതീശൻ
1583973
Friday, August 15, 2025 1:17 AM IST
കൊടുങ്ങല്ലൂർ: ജനാധിപത്യം, ഭരണഘടന, ജുഡീഷ്യറി എന്നിവയുടെ അട്ടിമറി പ്രതിരോധിക്കാൻ നാം തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഭരണഘടനയുടെ അടിസ്ഥാനപരമായ മൂല്യങ്ങൾ തകർക്കപ്പെടുകയാണ്. മതേതരത്വത്തിന്റെ അർത്ഥം മറന്നു പോകുന്നു. ഏകാധിപതികളുടെ കൈയിൽ അധികാരം കേന്ദ്രീകരിക്കപ്പെടുകയാണ്. ഇത്തരം അവസരത്തിൽ സംജാതമാകുന്ന അരക്ഷിതത്വബോധം സമൂഹത്തിൽ നിന്ന് മാറ്റാൻ ജുഡീഷ്യറി മറക്കരുതെന്ന് പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടു.
എംഇഎസ് ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന സെമിനാറിന്റെ ഭാഗമായി എംഇഎസ് അസ്മാബി കോളജിൽ "ഇന്ത്യൻ ഭരണ ഘടനയും ജുഡീഷ്യറിയും" എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഡറേറ്ററായ എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസൽഗഫൂർ ഭരണഘടനയെ സംരക്ഷിക്കേണ്ട ചുമതലയുള്ള ജുഡീഷ്യറി കൂടുതൽ ഉണർന്നുപ്രവർത്തിക്കേണ്ട സഹാചര്യമാണ് നിലവിലുള്ളതെന്ന് അഭിപ്രായപ്പെട്ടു. സെമിനാറിൽ മുതിർന്ന മാധ്യമപ്രവർത്തകൻ മാധവൻകുട്ടി മുഖ്യപ്രഭാഷണം നടത്തി.
അസ്മാബികോളജ് മാനേജിംഗ്കമ്മിറ്റി സെക്രട്ടറി ആൻഡ് കറസ്പോണ്ടൻഡ് വി.എം. ഷൈൻ, ട്രഷറർ പി.എസ്. മുജീബ് റഹ്മാൻ, പ്രിൻസിപ്പൽ ഡോ. സനന്ദ് സദാനന്ദ്, എംഇഎസ് ജനറൽ സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീൻ, എംഇഎസ് ഭാരവാഹികളായ കെ.എം. അബ്ദുൽസലാം, കെ.എം. അബ്ദുൽ ജമാൽ, പി.എസ്. മുജീബ് റഹ്മാൻ, സലിം അറയ്ക്കൽ, കെ.കെ. സുൽഫി, അഡ്വ. സക്കീർ ഹുസൈൻ, അബ്ദുള്ള ബാബു, നസീർ കാതിയാളം, ഷഹീം ഷാഹുൽ, ഇ.കെ. ഇബ്രാഹിംകുട്ടി, മുസ്താഖ് മൊയ്തീൻ, എ.എ. മുഹമ്മദ് ഇഖ്ബാൽ, ബഷീർ തോപ്പിൽ, പി.എച്ച്. മൊയ്തീൻ, ഡോക്ടർ കെ.പി. സുമേധൻ എന്നിവർ പ്രസംഗിച്ചു.
സെമിനാറിൽ വിദ്യാർഥികൾ, അധ്യാപക- അനധ്യാപക ജീവനക്കാർ, പൂർവ വിദ്യാർഥികൾ, അദ്ധ്യാപക -രക്ഷാകർതൃ സമിതി ഭാരാവാഹികൾ, പൊതുജനങ്ങൾ എന്നിവർ സംബന്ധിച്ചു.