പഠനരംഗത്തു വിദ്യാർഥികൾ പിറകോട്ടുപോയാൽ ഉത്തരവാദി അധ്യാപകർ: മന്ത്രി വി. ശിവൻകുട്ടി
1583436
Wednesday, August 13, 2025 1:29 AM IST
വാടാനപ്പള്ളി: സംസ്ഥാന സർക്കാർ അന്താരാഷ്ട്ര നിലവാരമുള്ള നിരവധി സ്കൂളുകൾ നിർമിച്ച് നിലവാരം മെച്ചപ്പെടുത്തുന്ന അവസ്ഥയിൽ പഠനരംഗത്തു കുട്ടികൾ പിന്നോട്ടുപോയാൽ അതിന്റെ ഉത്തരവാദി അധ്യാപകർമാത്രമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ചേറ്റുവ ജിഎം യുപി സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച മൂന്നുനിലക്കെ ട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
വിദ്യാർഥികളുടെ സംരക്ഷണം ഉറപ്പാക്കുക എന്ന പ്രധാന ലക്ഷ്യംവച്ചാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഇതു മനസിലാക്കിക്കൊണ്ടാണ് ഉന്നതനിലവാരമുള്ള സ്കൂൾകെട്ടിടങ്ങൾ നിർമിച്ചു വരുന്നത്.
വിദ്യാർഥികളെ സ്വന്തം മക്കളെപ്പോലെ അധ്യാപകർ സംരക്ഷിച്ച് പരിപാലിക്കണമെന്നും മന്ത്രി പറഞ്ഞു. 5000 കോടി രൂപ ചെലവാക്കി സംസ്ഥാന സർക്കാർ ഇതിനകം പുതിയ കെട്ടിടങ്ങൾ നിർമിച്ചുകഴിഞ്ഞു. 21000 അധ്യാപകരെ നിയമിച്ചു. 47 ലക്ഷം വിദ്യാർഥികളുമുണ്ട്. വിദ്യാഭ്യാസരംഗത്ത് നിരവധി പരിഷ്കാരങ്ങൾ സർക്കാർ ഇതിനകം നടപ്പിലാക്കിക്കഴിഞ്ഞു.
ഉച്ചഭക്ഷണ വിതരണം പരിഷ്കരിച്ചത് ഏറ്റവും ഉചിതമായി. വിദ്യാർഥികൾക്കുനേരെ ചില ബസ് ജീവനക്കാർ ചിറ്റമ്മനയം തുടരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. രണ്ടാംതരം നിലപാടാണിത്. ബസ് ജീവനക്കാർക്കെതിരെ പരാതി ലഭിച്ചാൽ ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്ന നടപടികളിലേക്ക് പോകുമെന്ന് മന്ത്രി പറഞ്ഞു.
എൻ.കെ. അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ കെ.വി. അബ്ദുൾ ഖാദർ മുഖ്യാതിഥിയായിരുന്നു. സ്കൂൾ വികസന സമിതി രക്ഷാധികാരി പി.ബി.ഹുസൈൻ ഉപഹാരസമർപ്പണം നടത്തി.
രണ്ടരക്കോടി ചെലവഴിച്ചാണ് 10286 ചതുരശ്ര അടി വിസ്തീർണമുള്ള മൂന്നുനില കെട്ടിടം പണി പൂർത്തിയാക്കിയത്.