മറ്റത്തൂര്‍ പടിഞ്ഞാട്ടുമുറിയിലെ കാമറയില്‍ പുലിയുടേതെന്നു സംശയിക്കുന്ന ദൃശ്യം
1583216
Tuesday, August 12, 2025 2:03 AM IST
കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ 19-ാം വാര്‍ഡിലുള്ള വീടിനു മുന്നില്‍ പുലിയുടേതെന്നു സംശ യിക്കുന്ന ജീവിയുടെ ദൃശ്യം സിസിടിവി കാമറയില്‍ പതിഞ്ഞതു പ്രദേശവാസികളില്‍ ആശങ്ക സൃഷ്ടിക്കുന്നു. മറ്റത്തൂര്‍ പടിഞ്ഞാട്ടുമുറിയില്‍ കതിരോല റോഡിലുള്ള കോപ്ലി യോഹന്നാന്റെ വീട്ടിലെ സിസിടിവി കാമറയിലാണ് ഞായറാഴ്ച സന്ധ്യക്ക് പുലിയുമായി സാദശ്യമുള്ള ജീവിയുടെ ദൃശ്യം പതിഞ്ഞത്. യോഹന്നാനും ഭാര്യയും അമേരിക്കയില്‍ മകന്റെ കുടുംബത്തോടൊപ്പമായതിനാല്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.
കാമറദൃശ്യങ്ങള്‍ അമേരിക്കയിലിരുന്ന് മൊബൈലില്‍ നിരീക്ഷിക്കുന്നതിനിടെയാണ് ഞായറാഴ്ച വൈകുന്നേരം 7.48ന് വീട്ടുമുറ്റത്തുകൂടി നടന്നുപോകുന്ന പുലിയേപ്പോലുള്ള ജീവിയുടെ ദൃശ്യം പതിഞ്ഞതായി യോഹന്നാന് കണ്ടത്. മറ്റത്തൂര്‍ പടിഞ്ഞാറ്റു മുറിയില്‍ യോഹന്നാന്റെ സമീപവാസിയായ പ്രസാദിനെ വിവരമറിക്കുകയായിരുന്നു.തുടര്‍ന്ന് പ്രസാദ് വനംവകുപ്പധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളിക്കുളങ്ങര റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.എസ്. ഷിനോജ്, ഡെപ്യൂട്ടി റേഞ്ച് ഒാഫീസര്‍ പി.എ. അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രാജേഷ് ജോര്‍ജ്, ബീറ്റ് ഓഫീസര്‍മാരായ എം.എ. രാകേഷ്, പി.എസ്. സനു, കെ.ജെ. ജിന്‍ഷ, ഫോറസ്റ്റ് ഡ്രൈവര്‍ ടി.കെ.അഭിലാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
യോഹന്നാന്റെ വീട്ടുമുറ്റത്തും പറമ്പിലും വനപാലകര്‍ പിരിശോധന നടത്തിയെങ്കിലും കാല്‍പ്പാടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. തിങ്കളാഴ്ച പുലര്‍ച്ചെ ഈ പ്രദേശത്ത് ശക്തമായ മഴ പെയ്തതിനാല്‍ കാല്‍പ്പാടുകള്‍ കാണാന്‍ പ്രയാസമായി. കാമറയില്കണ്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നാട്ടുകാരുടെ ഭീതി ഒഴിവാക്കുന്നതിനും വന്യജീവിയുടെ സാന്നിധ്യം ഉണ്ടോ എന്നു കണ്ടെത്തുന്നതിനുമായി പ്രദേശത്ത് കാമറകള്‍ സ്ഥാപിക്കുമെന്ന് വെള്ളിക്കുളങ്ങര റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.എസ്.ഷിനോജ് പറഞ്ഞു.
നിരീക്ഷണ കാമറയില്‍നിന്ന് കിട്ടുന്നവിവരങ്ങളുടെ അടിസ്ഥാനത്തിലും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ജനങ്ങളുടെ ഭയം അകറ്റുന്നതിനായി രാത്രിയില്‍ ഈ പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കുമെന്നും റേഞ്ച് ഓഫീ സര് അറിയിച്ചു.