മരണദൂതുമായി ബസുകള്‍
1583742
Thursday, August 14, 2025 1:28 AM IST
ഇരിങ്ങാലക്കുട: അശ്രദ്ധമായി ബസോടിച്ചതിന് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ക്രൈസ്റ്റ് ജംഗ്ഷനില്‍ ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബൈക്ക് യാത്രികന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ക്രൈസ്റ്റ് ജംഗ്ഷനില്‍ എതിര് ദിശയില്‍ കയറി വന്ന മഹാദേവ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടം ഉണ്ടാക്കിയത്.
കൊറ്റനെല്ലൂര്‍ സ്വദേശിയായ യുവാവിന്റെ ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ബസ് തടഞ്ഞിട്ടു. ഒടുവില്‍ പോലീസെത്തി ബസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. 15000 രൂപയുടെ നഷ്ടം വന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട ബസ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. നടപടിക്രമങ്ങള്‍ക്ക് ശേഷം ബസ് കോടതിയില്‍ ഹാജരാക്കും.
ആളൂര്‍ സ്വദേശി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ സലസ്റ്റിന്‍ (33) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ആളൂര്‍ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പേരുള്ളയാളും, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ 2016 ല്‍ 1768 ലിറ്റര്‍ സ്പിരിറ്റ് കടത്തിക്കൊണ്ട് വന്ന കേസിലും, 2021 ല്‍ മാള പോലീസ് സ്റ്റേഷന് പരിധിയിലെ അടിപിടിക്കേസിലും, 2022 ല്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ ഒരു വധശ്രമക്കേസിലും പ്രതിയുമാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജന്, സബ് ഇന്‍സ്പെക്ടര്‍ എം.ആര് കൃഷ്ണപ്രസാദ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയോഗിക്കുന്ന ബസുകള്‍ക്കെതിരെയും ബസ് ഉടമകള്‍ക്കെതിരെയും നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടിലെ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ ഗതാഗതം നിയമങ്ങള്‍ തെറ്റിച്ചുള്ള യാത്രയും അമിത വേഗതയും ഒരുപാട് അപകടങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതി ഉയര്‍ന്നുവെങ്കിലും നടപടി കുറവായിരുന്നു. ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള ബസുകള്‍ ചീറിപ്പായുമ്പോള്‍, കാല്‍നടയാത്രികരും ചെറുവാഹന യാത്രികരും ഭീതിയിലാണ്. ബൈക്ക് യാത്രക്കാരും ഓട്ടോകളും അപകടങ്ങളില്‍ നിന്നു രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. വലിയ വാഹനങ്ങള്‍ ചീറിപ്പായുന്നതാണ് ഭൂരിഭാഗം ചെറു വാഹനങ്ങളും കാല്‍നട യാത്രക്കാരും അപകടത്തില്‍പെടാന്‍ ഇടയാക്കുന്നത്.