തെരഞ്ഞെടുപ്പുജയത്തിന് മതേതരത്വത്തിൽ വിട്ടുവീഴ്ച ചെയ്യില്ല: വി.ഡി. സതീശൻ
1583220
Tuesday, August 12, 2025 2:03 AM IST
തൃശൂർ: ന്യൂനപക്ഷവർഗീയതയും ഭൂരിപക്ഷവർഗീയതയും കോണ്ഗ്രസ് പ്രേത്സാഹിപ്പിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. എം.എ. ജോണ് സ്മാരകസമിതിയുടെ പ്രഥമ പുരസ്കാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മതങ്ങളെ ചേർത്തുനിർത്തുന്ന മതേതരത്വമാണ് ഇന്ത്യയിലേത്. തെരഞ്ഞെടുപ്പുവിജയത്തിനുവേണ്ടി അതിൽ വിട്ടുവീഴ്ച ചെയ്യില്ല. മതനേതാക്കൾ ഇരിക്കാൻ പറയുന്പോൾ ഇരുന്നുകൊടുത്താൽ മതി. അല്ലാതെ കിടക്കുന്നവരാകരുത്. എന്നാൽ, അവർക്കൊരു സങ്കടം വന്നാൽ ആദ്യം ഓടിയെത്തേണ്ടതും നമ്മളാണ്.
രാഷ്ട്രീയത്തിൽ നിരന്തരം ആശയവിനിമയത്തിലൂടെ കൂട്ടായി തീരുമാനങ്ങളെടുക്കണം. സ്വയംനവീകരണത്തിനും സ്വയംപുതുക്കലിനും തയാറാകണം. വളർന്നുവരുന്ന യുവതലമുറയെ വെട്ടിവീഴ്ത്തരുത്. അവർ നമ്മളെയും മറികടന്നുപോകുന്നതു കാണാനാകണം. നേതാക്കന്മാർക്കുവേണ്ടി തെരുവിൽ തല്ലുവാങ്ങുന്നവരായി നമ്മളവരെ വളർത്തരുതെന്നും സതീശൻ പറഞ്ഞു.
25,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ പ്രതിപക്ഷനേതാവിനു സമ്മാനിച്ചു. സംഘാടകസമിതി ചെയർമാൻ കെ.വി. ദാസൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, ടി.വി. ചന്ദ്രമോഹൻ, മുൻമന്ത്രി ജോസ് തെറ്റയിൽ, അഡ്വ. ജോണ് ജോസഫ്, പി.ടി. അഷറഫ് എന്നിവർ പ്രസംഗിച്ചു.
താൻ രാഷ്ട്രീയവനവാസത്തിനു പോകണോയെന്നു തൃശൂർക്കാർ തീരുമാനിക്കട്ടെ: സതീശൻ
തൃശൂർ: താൻ രാഷ്ട്രീയവനവാസത്തിനു പോകണോയെന്നു തൃശൂർക്കാർ തീരുമാനിച്ചാൽ മതിയെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കഴിഞ്ഞദിവസം എസ്എൻഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് ഉയർത്തിയ വെല്ലുവിളി ഉദ്ധരിച്ച് തൃശൂരിലും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പുവിജയം ഉറപ്പുവരുത്താൻ അടുത്തയാഴ്ചമുതൽ താൻ തൃശൂരിലുണ്ടാകും. കെ. മുരളീധരന്റെ പൂർണപിന്തുണയും തനിക്കുണ്ട്. തട്ടിപ്പുനടത്തിയും വോട്ടർപട്ടികയിൽ കള്ളത്തരം കാട്ടിയുമല്ല തെരഞ്ഞെടുപ്പ് ജയിക്കേണ്ടത്. പാർട്ടി പരിപാടികൾ നടത്തുകമാത്രമല്ല, പാർട്ടിയെ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കുക എന്നതുമാണ് നേതാക്കൾക്കുണ്ടാകേണ്ട കഴിവെന്നും സതീശൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിക്കുമെന്നും സാധിച്ചില്ലെങ്കിൽ താൻ രാഷ്ട്രീയവനവാസത്തിനു പോകുമെന്നും സതീശൻ നേരത്തേ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.