ഗുരുവായൂർ ദേവസ്വത്തിന്റെ അത്യാധുനിക ആശുപത്രി വരുന്നു
1583450
Wednesday, August 13, 2025 1:29 AM IST
ആർ. ജയകുമാർ
ഗുരുവായൂർ: ദീർഘകാലമായി ഗുരുവായൂരിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ ഗുരുവായൂർ ദേവസ്വം അത്യാധുനിക ആശുപത്രിയെന്ന സ്വപ്നപദ്ധതി ഒടുവിൽ യാഥാർഥ്യത്തിലേക്ക്.
ആശുപത്രി നിർമാണത്തിനു കാഞ്ഞങ്ങാട് ദാമോദർ അസോസിയേറ്റ്സ് തയാറാക്കിയ 58 കോ ടിയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു. ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിച്ചാലുടൻ ടെൻഡർ നടപടികൾ ആരംഭിക്കും. ഇപ്പോൾ ആശുപത്രി സ്ഥിതിചെയ്യുന്നതിനോടു ചേർന്നുള്ള 1.45 ഏക്കറിലാണ് പുതിയ ആശുപത്രി നിർമിക്കുന്നത്. 82,363 ചരുരശ്രഅടിയിൽ ബേസ്മെന്റ് ഉൾപ്പടെ അഞ്ചു നിലകളിലായാണു നിർമാണം. ബേസ്മെന്റിൽ വാഹന പാർക്കിംഗാണ്.
താഴത്തെ നിലയിൽ 21 കിടക്കകളുള്ള അത്യാഹിതവിഭാഗം, 11 കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ്, എക്സ്റേ യൂണിറ്റ്, ദന്തരോഗവിഭാഗം തുടങ്ങിയവ പ്രവർത്തിക്കും. ഒന്നാംനിലയിൽ പരിശോധനാമുറികൾ, ലാബ് സൗകര്യം, മെഡിക്കൽ സൂപ്രണ്ടിന്റെ മുറികൾ. 21 ബെഡുകളുള്ള സ്ത്രീകളുടെ വാർഡ്, 23 ബെഡുകളുള്ള പുരുഷ വാർഡ്, വിഐപി മുറികൾ ഉൾപ്പെടെ 12 മുറികൾ എന്നിവയാണ് രണ്ടാംനിലയിൽ. മൂന്നാംനിലയിൽ കാത്ത് ലാബ്, മൂന്ന് ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയവയുണ്ടാകും.
ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് നിർമാണപ്രവൃത്തികൾ നടത്തുക.