ഗതാഗതക്കുരുക്കില്‍ സ്തംഭിച്ച് ആമ്പല്ലൂര്‍
1583208
Tuesday, August 12, 2025 2:03 AM IST
ആമ്പല്ലൂര്‍: ദേശീയപാതയില്‍ അടിപ്പാതനിര്മാണംനടക്കുന്ന ആമ്പല്ലൂര്‍ സെന്ററില്‍ ഇന്നലെ രാവിലെ അനുഭവപ്പെട്ടത് അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. നൂറുകണക്കിന് വാഹനങ്ങളാണ് ഒരുമണിക്കൂറിലേറെ ഗതാഗതക്കുരുക്കില്‍പ്പെട്ടത്.
ഇന്നലെ അതിരാവിലെ മുതല്‍തന്നെ നീണ്ട വാഹനനിരയാണ് ആമ്പല്ലൂര്‍ - ചാലക്കുടി പാതയിൽ അനുഭവപ്പെട്ടത്. ആമ്പല്ലൂരിലെ വാഹനനിര ടോള്‍പ്ലാസയും മറികടന്ന് തലോര്‍ ജെറുസലേം ധ്യാനകേന്ദ്രത്തിനു സമീപംവരെയെത്തി. ഇതോടെ വാഹനങ്ങള്‍ പലതും വഴിമാറി സമാന്തരപാതകളെ ആശ്രയിച്ചു. ഇതോടെ ആമ്പല്ലൂര്‍ - കല്ലൂര്‍ മേഖലയില്‍ ഗതാഗതം താറുമാറായി.
ആമ്പല്ലൂര്‍ - കല്ലൂര്‍ റോഡില്‍ ശ്രീകൃഷ്ണപുരം ക്ഷേത്രംവരെ ഒരുകിലോമീറ്ററോളം വാഹനങ്ങള്‍ കുടുങ്ങി.
വരന്തരപ്പിള്ളി ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളും കെഎസ്ആർടിസി ദീര്‍ഘദൂരബസുകളും പുലക്കാട്ടുകര - കല്ലൂര്‍ റോഡിനെയും ആശ്രയിച്ചു. ബസുകള്‍ ആമ്പല്ലൂര്‍ ഒഴിവാക്കിയാണ് സര്‍വീസ് നടത്തിയത്. ആംബുലന്‍സുകള്‍ ഏറെനേരം ഗതാഗതക്കുരുക്കില്‍പ്പെട്ടു.