തത്സ്ഥിതി റിപ്പോർട്ട് ഹാജരാക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ
1583439
Wednesday, August 13, 2025 1:29 AM IST
തൃശൂർ: സ്വകാര്യവ്യക്തിയുടെ കുളം മഴക്കാലത്തു നിറയുന്പോൾ അയൽവീടുകളിലേക്കു വെള്ളം കയറുന്നു എന്ന പരാതി പരിഹരിക്കുന്നതിനായി വലപ്പാട് പഞ്ചായത്ത് സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത. കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കുളം നിറയുന്പോൾ അധികജലം ഒഴുകിപ്പോകുന്നതിനു പഞ്ചായത്ത് കാന നിർമിച്ചുനൽകിയിട്ടും ഫലമുണ്ടായിട്ടില്ലെന്ന പരാതിയിലാണു നടപടി. കുളത്തിനു ചുറ്റുമതിൽ നിർമിക്കണമെന്നു പരാതിക്കാരനായ വലപ്പാട് സ്വദേശി മനു ആവശ്യപ്പെട്ടു.
നാല്പതുവർഷം പഴക്കമുള്ള വീടിന്റെ അറ്റകുറ്റപ്പണികൾക്കായി പരാതിക്കാരൻ ധനസഹായം ആവശ്യപ്പെട്ടു നിരവധി അപേക്ഷകൾ നൽകിയിട്ടും പഞ്ചായത്ത് നടപടിയെടുത്തില്ലെന്ന പരാതിയിലും തത്സ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്നു കമ്മീഷൻ ആവശ്യപ്പെട്ടു. 2022- 23 മുതൽ 2025 വരെ അപേക്ഷകൾ നൽകിയതായി പരാതിക്കാരൻ അറിയിച്ചു.
എന്നാൽ പഞ്ചായത്ത് സെക്രട്ടറി കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ ധനസഹായത്തിനുള്ള അപേക്ഷ പഞ്ചായത്തിൽ കിട്ടിയിട്ടില്ലെന്നു പറയുന്നു. പരാതി പരിഹരിക്കുന്നതിനായി പഞ്ചായത്ത് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ ഒരുമാസത്തിനകം അറിയിക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടു. സെപ്റ്റംബറിൽ കേസ് വീണ്ടും പരിഗണിക്കും.